കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ ഒരു മന്ത്രിയില്‍ നിന്നു കൂടി അന്വേഷണ സംഘം വിവരങ്ങള്‍ ആരായും. പ്രതികളായ സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും പരിശോധിച്ചപ്പോള്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണിത്. ഈ മന്ത്രിയുമായുള്ള നിരന്തര ആശയവിനിമയത്തിന്റെ വിവരങ്ങള്‍ ലഭ്യമായതായാണു സൂചന.
ലൈഫ് പദ്ധതി കമ്മിഷന്‍ ഇടപാടില്‍ ആരോപണ വിധേയനായ മന്ത്രിപുത്രനുമായുള്ള സ്വപ്നയുടെ സമ്പര്‍ക്ക വിവരങ്ങളും സൈബര്‍ ഫൊറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ഉന്നതബന്ധം സംബന്ധിച്ചു സ്വപ്ന നല്‍കിയ മൊഴികള്‍ ശരിയല്ലെന്നാണു പുതിയ തെളിവുകളുടെ പശ്ചാത്തലത്തില്‍ അന്വേഷണസംഘത്തിന്റെ നിഗമനം.
എന്‍ഐഎയും കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) മുന്‍പു നടത്തിയ ചോദ്യംചെയ്യലില്‍ സ്വപ്ന പേരു വെളിപ്പെടുത്താതിരുന്ന പ്രമുഖരുമായുള്ള ഓണ്‍ലൈന്‍ ആശയവിനിമയ വിവരങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയത്.
ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്വപ്നയെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യും. സ്വപ്നയുടെയും സന്ദീപിന്റെയും മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ഹാര്‍ഡ് ഡിസ്‌ക് എന്നിവയില്‍ നിന്ന് 2000 ജിബി ഡേറ്റ (ഏകദേശം 2780 സിഡികളില്‍ കൊള്ളുന്ന വിവരം )വീണ്ടെടുത്തു.
മറ്റു ചില പ്രതികളുടെ ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്നു വേറെ 2000 ജിബി ഡേറ്റയും ശേഖരിച്ചിട്ടുണ്ട്. പ്രതികള്‍ മായ്ച്ചുകളഞ്ഞ സന്ദേശങ്ങളും വീണ്ടെടുത്തു.