ന്യൂഡൽഹി: പ്രധാനമന്ത്രി മോദി തന്റെ വസതിയിൽ മയിലിന് ഭക്ഷണം കൊടുക്കുന്നതിന്റെ വീഡിയോ 2020-ൽ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള ഒരു പ്രസ്താവനയുമായി എത്തിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മനസ്സലിവിനെ പ്രകീർത്തിച്ച് ആണ് അമിത്ഷാ രംഗത്തെത്തിയത്.. വിശക്കുന്ന മയിലിന് ഭക്ഷണം ലഭിച്ചുവെന്ന് ഉറപ്പാക്കാൻ മോദി പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന സുപ്രധാനയോഗം നിർത്തിവെച്ച കാര്യം ഷാ ഓർത്തെടുത്തു. പ്രധാനമന്ത്രിയെക്കുറിച്ചുള്ള പുതിയ പുസ്തകമായ ‘മോദി@20: ഡ്രീംസ് മീറ്റ് ഡെലിവറി’യുടെ പ്രകാശനച്ചടങ്ങിലാണ് ഷാ സംഭവം വിവരിച്ചത്.
‘‘രണ്ടുവർഷം മുൻപുനടന്ന യോഗത്തിനിടെയാണ് സംഭവം. ആ സമയത്ത് ഒരു മയിൽ പറന്നെത്തി മുറിയുടെ കണ്ണാടിച്ചില്ലിൽ കൊത്തി. പ്രധാനമന്ത്രി കണ്ണിമചിമ്മാതെ കുറേനേരം അതിനെ നോക്കിനിന്നു. മയിലിന് വിശക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ അദ്ദേഹം ഉടനെ ജീവനക്കാരെ വിളിച്ചുവരുത്തി. ഭക്ഷണം നൽകാനും നിർദേശിച്ചു. ഇത്രയും ഗൗരവമുള്ള യോഗത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ ഒരു മയിലിനെക്കുറിച്ച് ചിന്തിക്കുന്നത് അദ്ദേഹം എത്രമാത്രം ലോലഹൃദയനാണെന്ന് തുറന്നുകാണിക്കുന്നു.’’-ഷാ പറഞ്ഞു.