തൃശൂര്‍ പൂരത്തിനിടെ ആനയിടഞ്ഞു…

തൃശൂര്‍ പൂരനഗരിയില്‍ എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന ആന ഇടഞ്ഞു. രാവിലെ ഏഴേകാലിനാണ് സംഭവം. ശുചിമുറിയില്‍ പോയ പാപ്പാനെ കാണാതായതോടെ ആന വിരണ്ടോടുകയായിരുന്നു. പാപ്പാന്‍ മടങ്ങി വന്നതോടെ ആന ശാന്തനായി. മണികണ്ഠനാലില്‍നിന്നു വിരണ്ട കൊമ്പന്‍ മച്ചാട് ധര്‍മന്‍ ശ്രീമൂലസ്ഥാനത്തേയ്ക്ക് ഓടി. ആനയുടെ കാല്‍ ചങ്ങലയില്‍ പൂട്ടിയിരുന്നതിനാല്‍ വേഗം കുറവായിരുന്നു. ആനയുടെ വരവ് കണ്ട് ശ്രീമൂലസ്ഥാനത്ത് നിന്നിരുന്ന ആളുകള്‍ ചിതറിയോടി. പാപ്പാന്‍ പിന്നാലെ വന്ന് ആനയെ മെരുക്കി. ആരേയും ആന ഉപദ്രവിച്ചില്ല. നാശനഷ്ടവും ഉണ്ടാക്കിയില്ല.

അതേസമയം, പൂരത്തോട് അനുബന്ധിച്ച് തിരുവമ്പാടിയുടെ മഠത്തില്‍ വരവ് രാവിലെ ഏഴിന് തുടങ്ങി. ഘടകക്ഷേത്രങ്ങളുടെ എഴുന്നള്ളിപ്പ് ഒന്നിനു പുറകെ ഒന്നായി എത്തും. വടക്കുന്നാഥ ക്ഷേത്രത്തിലേയ്ക്ക് കണിമംഗലം ശാസ്താവ് പുറപ്പെട്ടു. എഴുന്നള്ളിപ്പിനിടെ ചാറ്റല്‍ മഴയുണ്ട്.

രാവിലെ പതിനൊന്നരയ്ക്കാണ് മഠത്തില്‍ വരവ് പഞ്ചവാദ്യം. പാറമേക്കാവിലമ്മയുടെ എഴുന്നള്ളിപ്പ് പന്ത്രണ്ടിന് തുടങ്ങും. രണ്ടു മണിയോടെ ഇലത്തിത്തറമേളം. കുടമാറ്റം അഞ്ചു മണിയോടെ ആരംഭിക്കും. രാത്രിയില്‍ എഴുന്നള്ളിപ്പ് ആവര്‍ത്തിക്കും. ബുധനാഴ്ച പുലര്‍ച്ചെ മൂന്നിന് ആണ് പൂരം വെടിക്കെട്ട് നടക്കുക.

Similar Articles

Comments

Advertismentspot_img

Most Popular