മഞ്ജു വാര്യർ നായികയായ ‘പത്രം’ എന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റാവാൻ അവസരം തേടി നടന്ന ആളാണ് താനെന്നും ഇപ്പോൾ മഞ്ജുവിനൊപ്പം അഭിനയിക്കുന്നതിൽ അഭിമാനമുണ്ടെന്നും നടൻ ജയസൂര്യ. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ‘മേരീ ആവാസ് സുനോ’ എന്ന ചിത്രത്തിന്റെ ടീസർ ലോഞ്ച് പരിപാടിയിലായിരുന്നു ജയസൂര്യയുടെ വെളിപ്പെടുത്തൽ.
1999ൽ ജോഷി സംവിധാനം ചെയ്ത ചിത്രമാണ് പത്രം. സുരേഷ് ഗോപി നായകനായ ചിത്രത്തിൽ ദേവിക ശേഖറെന്ന ശക്തമായ കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിച്ചത്. മഞ്ജുവിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണിത്.
‘ചിത്രത്തിൽ ഹനീഫിക്ക (കൊച്ചിൻ ഹനീഫ) സംസാരിക്കുന്ന രംഗത്തിൽ കുറേ പത്രക്കാർ ഇരിക്കുന്നതിന്റെ കൂട്ടത്തിൽ ഒരാളാവാനുള്ള അവസരമാണ് ലഭിച്ചത്,’ ജയസൂര്യ പറയുന്നു. ‘അങ്ങനെ ‘പത്ര’ത്തിൽ ജൂനിയർ ആർട്ടിസ്റ്റായ ഞാൻ ഇന്ന് മഞ്ജു വാര്യർ എന്നബ്രില്യന്റ് ആക്ടറുടെ കൂടെ അഭിനയിച്ചു എന്ന് പറയുന്നത് എന്നെ സംബന്ധിച്ച് സ്വപ്നതുല്യമായ കാര്യമാണ്. അന്ന് മുതലേ ഞാൻ ഒരുപാട് ആരാധിക്കുന്ന നായികയാണവർ. സിനിമയെ സ്നേഹിക്കാൻ എന്നെ പഠിപ്പിച്ച വ്യക്തിത്വങ്ങളിൽ ഒരാളാണ് മഞ്ജു’ -താരം കൂട്ടിച്ചേർത്തു.
നടനെന്ന നിലയിൽ ജയസൂര്യയുടെ വളർച്ച തന്നെ അത്ഭുതപ്പെടുത്തിട്ടുണ്ടെന്ന് മഞ്ജു വാര്യർ പറഞ്ഞു. ‘മേരീ ആവാസ് സുനോ’ എന്ന ചിത്രത്തെ കുറിച്ച് തന്നോട് ആദ്യം പറയുന്നത് ജയനാണെന്നും അദ്ദേഹത്തോടൊപ്പം ഒരു സിനിമ ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും മഞ്ജു പറഞ്ഞു.
ക്യാപ്റ്റൻ, വെള്ളം എന്നീ ചിത്രങ്ങൾക്ക് ശേഷം ജയസൂര്യയെ നായകനാക്കി പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മേരീ ആവാസ് സുനോ. ചിത്രത്തിൽ റേഡിയോ ജോക്കിയായാണ് ജയസൂര്യ എത്തുന്നത്.