പ്രതി പിണറായിയിൽ പിടിയിലായ സംഭവം: സിപിഎം പ്രതിരോധത്തിൽ

കണ്ണൂർ :പുന്നോൽ ഹരിദാസൻ വധക്കേസിലെ പ്രതിയായ ആർഎസ്എസ് പ്രവർത്തകൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനു സമീപം ദിവസങ്ങളോളം ഒളിവിൽ താമസിച്ച കാര്യം പാർട്ടിയോ പൊലീസോ അറിഞ്ഞില്ലെന്നതു സിപിഎമ്മിനു കനത്ത ക്ഷീണമായി. ഒളിവു സൗകര്യം ഒരുക്കിയ കുടുംബം പാർട്ടിയുമായി സഹകരിക്കുന്നവരാണെന്നു സിപിഎം പിണറായി നോർത്ത് ബ്രാഞ്ച് സെക്രട്ടറി സി.ബൈജു ദൃശ്യ മാധ്യമങ്ങളിൽ പറയുക കൂടി ചെയ്തതോടെ കടുത്ത സമ്മർദത്തിലായ സിപിഎമ്മിനു പിന്നീട് അക്കാര്യം നിഷേധിക്കേണ്ടി വന്നു. ലോക്കൽ സെക്രട്ടറി കക്കോത്ത് രാജനും കുടുംബം പാർട്ടിയുമായി സഹകരിച്ചിരുന്നവരാണെന്നു വ്യക്തമാക്കിയിരുന്നു. ഒളിവു കേന്ദ്രം ഒരുക്കി കൊടുത്തവർക്ക് ആർഎസ്എസ് ബന്ധമുണ്ടെന്ന ആരോപണവുമായി ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ തന്നെ രംഗത്തിറങ്ങി. പ്രതി ഒളിവിൽ കഴിഞ്ഞ വീട് രാത്രിയുടെ മറവിൽ അക്രമിക്കപ്പെട്ടതും തിരിച്ചടിയായി.

മുഖ്യമന്ത്രിയുടെ വീട് സമീപത്തായതിനാൽ, പ്രതി ഒളിവിൽ കഴിഞ്ഞെന്നു പറയുന്ന ദിവസങ്ങളിലൊക്കെ പ്രദേശത്തു പൊലീസുകാരുടെ സാന്നിധ്യം മുഴുവൻ സമയവും ഉണ്ടായിരുന്നു.

പ്രതി നിജിൽ ദാസിനെ ഒളിവിൽ കഴിയാൻ സഹായിച്ച അധ്യാപിക രേഷ്മയുടെ ഭർത്താവ് പ്രശാന്ത് സിപിഎം ആഭിമുഖ്യമുള്ള ആളാണെന്ന കാര്യം മാധ്യമങ്ങളിൽ വാർത്തയാകുകയും ചെയ്തതോടെ സിപിഎം കൂടുതൽ കുരുക്കിലായി. രേഷ്മയുടെ അച്ഛനും ബന്ധുക്കളും തങ്ങൾക്കുള്ള പാർട്ടി ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തുകയും ചെയ്തു. പാർട്ടിയുമായി ബന്ധം പുലർത്തുന്ന കുടുംബമാണെന്നും സൗഹാർദ സമീപനമായിരുന്നുവെന്നും അവരുടെ ഇപ്പോഴത്തെ മാനസികാവസ്ഥ എന്താണെന്ന് മനസ്സിലാക്കാൻ കഴിയില്ലെന്നുമായിരുന്നു ഒളിവു സങ്കേതം ഒരുക്കി കൊടുത്തവരുടെ രാഷ്ട്രീയ ബന്ധത്തെക്കുറിച്ചു ചോദിച്ചപ്പോൾ പിണറായി ലോക്കൽ സെക്രട്ടറി കക്കോത്ത് രാജൻ ദൃശ്യമാധ്യമങ്ങളോടു പ്രതികരിച്ചത്.

അദ്ദേഹത്തിന്റെ നിലപാട് പിന്നീടു തിരുത്തിയതു സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജനും പിണറായി ഏരിയ കമ്മിറ്റിയുമാണ്. അധ്യാപികയും ഭർത്താവുമെല്ലാം ആർഎസ്എസ് അനുഭാവമുള്ളവരാണെന്നാണു ജയരാജൻ പറഞ്ഞത്. അതിനു പിൻബലമായി നിരത്തിയതാകട്ടെ അണ്ടലൂർ കാവിൽ ഉത്സവം നടന്ന സമയത്ത് പ്രശാന്ത് ആർഎസ്എസിന് അനുകൂലമായ നിലപാടെടുത്തു എന്നതാണ്. അതേസമയം, പ്രശാന്തിന്റെ സമൂഹ മാധ്യമ പ്രൊഫൈൽ നിറയെ സിപിഎം ആഭിമുഖ്യമാണെന്ന വിവരവും പുറത്തു വന്നു.

• ‘ഹരിദാസൻ വധക്കേസിലെ പ്രതി പിണറായിയിൽ ഒളിവിൽ കഴിഞ്ഞതു സമയത്ത് കണ്ടെത്താൻ കഴിഞ്ഞില്ലെന്നതിന്റെ പേരിൽ പാർട്ടിയെയോ പൊലീസിനെയോ കുറ്റപ്പെടുത്താനാകില്ല. അവിടെയുണ്ടായത് അപ്രതീക്ഷിത സാഹചര്യമാണ്. ഇത്തരം കാര്യങ്ങളിൽ കരുതലും ജാഗ്രതയും വേണമെന്നു പൊതുവിൽ പറയാം. തെറ്റുപറ്റിയെന്നു പറയുന്നത് ഉചിതമല്ല.’ – എം.വി. ജയരാജൻ (സിപിഎം ജില്ലാ സെക്രട്ടറി)

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7