ഒരുത്തി സിനിമയുടെ വാര്‍ത്താസമ്മേളനത്തില്‍ വിനായകന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരേ സംവിധായിക കുഞ്ഞില മാസിലാമണി. മീ ടൂ തനിക്ക് എന്താണെന്നറിയില്ലെന്നും ഒരാളോട് സെക്‌സ് ചെയ്യണമെന്ന് തോന്നിയാല്‍ അത് ചോദിക്കുമെന്നും വിനായകന്‍ പറഞ്ഞു. അതിന് മീ ടൂ എന്ന് വിളിക്കുകയാണെങ്കില്‍ ഇനിയും അത് ചെയ്യുമെന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തു.
ജാതിയെ പറ്റി, വര്‍ഗ്ഗ രാഷ്ട്രീയത്തെ പറ്റി ഒക്കെ സംസാരിക്കുന്ന വിനായകന് ജെന്‍ഡര്‍ മാത്രം മനസ്സിലാവുന്നില്ലെന്ന് കുഞ്ഞില കുറിച്ചു. ലൈംഗിക അതിക്രമത്തിനെതിരേ സംസാരിക്കുമ്പോള്‍ പുരുഷന്‍മാരുടെ ഭാഗത്ത് നിന്ന് ഉയര്‍ന്നു കേള്‍ക്കുന്ന പതിവ് ചോദ്യമാണ് വിനായകന്‍ ചോദിച്ചതെന്നു കുഞ്ഞില കുറിച്ചു.
കുഞ്ഞില മാസിലാമണിയുടെ കുറിപ്പ്
ലൈംഗിക അതിക്രമത്തിന് എതിരെ സംസാരിക്കുമ്പോള്‍ എപ്പോഴും ആണുങ്ങളുടെ ഭാഗത്ത് നിന്ന് ഉയര്‍ന്ന് കേള്‍ക്കാറുള്ള ഒരു ചോദ്യമാണ് വിനായകന്‍ ഇവിടെ ചോദിച്ചിരിക്കുന്നത്. ഇത് അത്ര നിഷ്‌കളങ്കമല്ല. ഒരു സ്ത്രീയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്ന് തോന്നിയാല്‍ ചോദിക്കുക അല്ലാതെ പിന്നെ എന്താണ് ചെയ്യേണ്ടത് എന്നാണ് അത്. ഇതില്‍ എന്താണ് പ്രശ്‌നം എന്ന് കൊച്ച് കുട്ടികളെ പഠിപ്പിക്കുന്നത് പോലെ ഫെമിനിസ്റ്റുകള്‍ പഠിപ്പിക്കണം എന്നാണ് പറയുന്നത്.
കണ്‍സന്റ് ആണ് പ്രധാനം ആണ് എന്ന് പറയുന്നതും നിങ്ങള് തന്നെ, കണ്‍സെന്റ് ചോദിക്കുമ്പോള്‍ മീ ടൂ പറയുന്നതും നിങ്ങള് തന്നെ എന്ന പതിവ് കരച്ചിലാണ് ഇത്.
നമുക്ക് തമ്മില്‍ സെക്‌സ് ചെയ്യാം എന്ന പ്രപ്പോസല്‍ മുന്നോട്ട് വയ്ക്കുന്നത് എല്ലാം കണ്‍സന്റ് ചോദിക്കല്‍ അല്ല.
ബോധരഹിത ആയ ഒരാളോട് സെക്‌സ് ചെയ്യാമോ എന്ന് ചോദിക്കുന്നത് കണ്‍സന്റ് ചോദിക്കല്‍ അല്ല.
പറ്റില്ല എന്ന് പറയാന്‍ പറ്റാത്ത സമയത്ത്, അല്ലെങ്കില്‍ പറയാന്‍ പറ്റാത്ത പൊസിഷനില്‍ ഉള്ള സ്ത്രീയോട് സെക്‌സ് ചെയ്യാമോ എന്ന് ചോദിക്കുന്നത് കണ്‍സന്റ് ചോദിക്കല്‍ അല്ല. ഉദാഹരണത്തിന്, പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥിയോട് സെക്‌സ് ചെയ്യാം എന്ന ആശയം മുന്നോട്ട് വയ്ക്കുമ്പോള്‍ ആ കുട്ടിക്ക് നോ പറഞ്ഞാല് മാര്‍ക്ക് കുറയുമോ എന്ന ചിന്ത വന്നേക്കാം.
മറ്റെയാളെ അസ്വസ്ഥരാക്കും വിധം അല്ലെങ്കില്‍ അപമാനിക്കും വിധം അനുവാദം ചോദിക്കുന്നത് അനുവാദം ചോദിക്കല്‍ അല്ല. ബസ്സ് കാത്ത് നില്‍ക്കുന്ന സ്ത്രീയോട് എന്താണ് റേറ്റ് എന്ന് ചോദിക്കുന്നത്, ഇന്‍ബോക്‌സില്‍ വന്ന് കൊടുക്കുമോ എന്ന് ചോദിക്കുന്നത് അനുവാദം എന്ന ഉദ്ദേശ്യം വെച്ച് ഉള്ളത് അല്ല. അപമാനിക്കുക എന്നുള്ള ഉദ്ദേശ്യം വെച്ചുള്ളത് ആണ്.
ഏറ്റവും അവസാനം, പ്രസ് മീറ്റില്‍ ഇരുന്ന ഒരു സ്ത്രീയെ ചൂണ്ടി, ആണെന്ന് തോന്നുന്നു, വിനായകന്‍ പറഞ്ഞ കാര്യവും എന്നെ സംബന്ധിച്ച് ഹരാസ്‌മെന്റ് ആണ്. അവര്‍ അവിടെ അവരുടെ ജോലി ചെയ്യാന്‍ വന്ന ഒരു സ്ത്രീയാണ്. അവര്‍ സ്ത്രീ ആയത് കൊണ്ട് മാത്രം അവിടെ ഒരു ഉദാഹരണം ആക്കപ്പെടുന്നു. അവര്‍ക്ക് താല്‍പര്യം ഇല്ലാത്ത ഒരു ഇമാജിനറി സിനറിയോ – വിനായകന്‍ എന്ന വ്യക്തിക്ക് തന്നോട് കൂടി സെക്‌സ് ചെയ്യാന്‍ താല്‍പര്യം ഉണ്ട് – എന്നുള്ള ഒരു സിനാരിയോ പരസ്യമായി ആളുകളുടെ മുമ്പില്‍ ഇടുന്നു.
ആണുങ്ങളായ ചോദ്യം ചോദിച്ച പത്രപ്രവര്‍ത്തകരോട് വിനായകന്‍ ചോദിച്ച പല ചോദ്യങ്ങളും ഇത്തരത്തില്‍ പ്രൈവസിയുടെ വയലേഷനും ഹരാസ്‌മെന്റും ആണ്. ഭാര്യ അല്ലാത്ത ആരും ആയും ലൈംഗിക ബന്ധം ഇല്ലേ? തുടങ്ങിയ ചോദ്യങ്ങള്‍. അതിന് ഉയരുന്ന ചിരി ലക്ഷ്യം വെച്ചുകൊണ്ട് ഉള്ള ഒരു ആണ്‍ തമാശയാണ് ഇത്. ഇത്തരത്തില്‍ ആണുങ്ങളെ ഹരാസ് ചെയ്യുന്ന രീതി ഭയങ്കര മാച്ചോ ഇടങ്ങളില്‍ ഞാന്‍ മുമ്പും കണ്ടിട്ടുണ്ട് – നീ ആദ്യം വിര്‍ജിനിറ്റി കളഞ്ഞിട്ട് വാ, എന്നിട്ട് സിനിമ സംസാരിച്ചാല്‍ മതി, എത്ര സ്ത്രീകളോട് കൂടി കിടന്നിട്ടുണ്ട് എന്നതിന്റെ ഉത്തരം അനുസരിച്ച് അഭിപ്രായത്തിന് വില കൊടുക്കുക മുതലായവ.
ജാതിയെ പറ്റി, വര്‍ഗ്ഗ രാഷ്ട്രീയത്തെ പറ്റി ഒക്കെ സംസാരിക്കുന്ന വിനായകന് ജെന്‍ഡര്‍ മാത്രം മനസ്സിലാവുന്നില്ല എന്നുള്ളത് അത് അയാളെ കുടുക്കുന്നത് കൊണ്ട് തന്നെയാണ്. സ്വയം തിരുത്താന്‍ അയാള് തയ്യാറല്ലാത്തത് കൊണ്ട് തന്നെയാണ്.