കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നടന്‍ ദിലീപിനു നോട്ടീസ്. 28നു ഹാജരാകണമെന്നാണു നിര്‍ദേശം. നാളെ ഹാജരാകാനാണ് അന്വേഷണസംഘം ആവശ്യപ്പെട്ടതെങ്കിലും അസൗകര്യംമൂലം മറ്റൊരു ദിവസത്തേക്കു മാറ്റണമെന്നു ദിലീപ് ആവശ്യപ്പെട്ടിരുന്നു. നേരത്തെ നിശ്‌ചയിച്ച പ്രകാരം സംസ്‌ഥാനത്തിനു പുറത്തേക്ക് യാത്രയുണ്ടെന്നായിരുന്നു ദിലീപ് അറിയിച്ചത്. കേസില്‍ തുടരന്വേഷണം നടത്തുന്ന ഡിവൈ.എസ്.പി. ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണു ദിലീപിനു നോട്ടീസ് അയച്ചത്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണം നിലവില്‍ അന്തിമഘട്ടത്തിലാണ്. ഏപ്രില്‍ 15 വരെയാണു തുടരന്വേഷണത്തിനു ഹൈക്കോടതി അനുവദിച്ച സമയം. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തുകള്‍ക്കു പിന്നാലെയാണു കേസില്‍ വീണ്ടും തുടരന്വേഷണം ആരംഭിച്ചത്. കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ക്രൈംബാഞ്ച് വിചാരണക്കോടതിയില്‍ നേരത്തെ സമര്‍പ്പിച്ചിരുന്നു. തുടരന്വേഷണം പൂര്‍ത്തിയാകുംവരെ വിചാരണ നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.
അതേസമയം നടി മീരാ ജാസ്‌മിനേയും മൊഴി എടുക്കാന്‍ വിളിച്ചു വരുത്തിയേക്കുമെന്നാണു സൂചന. ദിലീപിന്റെ ഫോണിലെ ചാറ്റുകള്‍ മായ്‌ച്ചതുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനാണിത്. മീരാ ജാസ്‌മിനുമായുള്ള ചാറ്റാണു മായിച്ചതെന്നാണു പോലീസ് നിഗമനം. ഈ സാഹചര്യത്തിലാണു നടിയുടെ മൊഴിയെടുക്കല്‍ ആലോചിക്കുന്നത്.
അതേസമയം നടിയെ ആക്രമിച്ച കേസ് നിര്‍ണായക ഘട്ടത്തിലേക്ക് കടന്നതോടെ പ്രത്യേക സംഘത്തില്‍ അഴിച്ചുപണി നടത്തി സര്‍ക്കാര്‍. പ്രത്യേക അന്വേഷണസംഘത്തെ എ.ഡി.ജി.പി: എസ്. ശ്രീജിത്തിനൊപ്പം ഐ.ജി: ഹര്‍ഷിതാ അട്ടല്ലൂരി നയിക്കും. ഹര്‍ഷിതയോടു ഉടന്‍ ക്രൈംബ്രാഞ്ച് ഐ.ജിയായി ചുമതലയേല്‍ക്കാന്‍ നിര്‍ദേശിച്ചു.