ഒരാളെ തട്ടാന്‍ തീരുമാനിക്കുമ്പോള്‍ ഒരു ഗ്രൂപ്പില്‍ ഇട്ട് തട്ടിയേക്കണം,.. . ഒരു റെക്കോര്‍ഡും ഉണ്ടാക്കരുത്

‘ഒരാളെ തട്ടാന്‍ തീരുമാനിച്ചാല്‍ ഗ്രൂപ്പില്‍ ഇട്ട് തട്ടിയേക്കണമെന്ന ദിലീപിന്റെ പരാമര്‍ശം കൊലപാതകത്തിനുള്ള നിര്‍ദേശമാണെന്ന് പ്രോസിക്യൂഷന്‍. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതികളായ ദിലീപിന്റെയും സംഘത്തിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വാദത്തിനിടയാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഒരാളെ തട്ടാന്‍ തീരുമാനിക്കുമ്പോള്‍ ഒരു ഗ്രൂപ്പില്‍ ഇട്ട് തട്ടിയേക്കണമെന്ന് ദിലീപ് സഹോദരന്‍ അനൂപിന് നല്‍കിയ നിര്‍ദേശത്തിന്റെ ശബ്ദ ശകലം സുഹൃത്ത് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഒരു വര്‍ഷം ഒരു ലിസ്റ്റും ഉണ്ടാക്കരുത്. ഒരു റെക്കോര്‍ഡും ഉണ്ടാക്കരുതെന്നാണ് ഇതിന് അനൂപ് നല്‍കിയ മറുപടിയെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചു.

ദിലീപിനെതിരെ ശക്തമായ വാദങ്ങളാണ് പ്രോസിക്യൂഷന്‍ ഉയര്‍ത്തിയിരിക്കുന്നത്. വീട്ടിലെ ഗൂഢാലോചനയ്ക്ക് പുറമെ എംജി റോഡിലെ മേത്തര്‍ ഹോമിലെ മഞ്ജുവാര്യരുടെ ഫ്‌ളാറ്റിലും പ്രതികള്‍ ഒത്തുചേര്‍ന്ന് ഗൂഢാലോചന നടത്തിയിട്ടുണ്ട്. ബൈജു പൗലോസിനെ കൊല്ലാനുള്ള ഗൂഢാലോചനയാണ് ഇവിടെ വച്ച് പ്രതികള്‍ നടത്തിയത്. 2017 ഡിസംബറിലാണ് ഈ ഫ്‌ളാറ്റില്‍ വച്ച് ഗൂഢാലോചന നടന്നതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. സ്വന്തം സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യാന്‍ ഗൂഢാലോചന നടത്തിയ ആളാണ് ദിലീപ്. ഇതിന് വേണ്ടി ബുദ്ധിപൂര്‍വ്വം ഗൂഢാലോചന നടത്തിയ വ്യക്തിയാണ് പ്രതി. അതിനാല്‍ അസാധാരണമായ കേസാണിതെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

പ്രതികളുടെ മുന്‍കാല പശ്ചാത്തലം പരിശോധിക്കണമെന്നും ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ അര്‍ഹതയില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. വധശ്രമ ഗൂഢാലോചന പുറത്തു വരാന്‍ സമയമെടുക്കുക സ്വാഭാവികമാണ്. ബൈജു പൗലോസും ബാലചന്ദ്രകുമാറും തമ്മില്‍ ഒരു ബന്ധവുമില്ല. ക്രൈംബ്രാഞ്ചും ബാലചന്ദ്രകുമാറും തമ്മില്‍ ഗൂഢാലോചന നടത്തി എന്ന വാദം വസ്തുതാവിരുദ്ധമാണ്.

ഗൂഢാലോചന സംബന്ധിച്ച് കൃത്യമായ തെളിവു ലഭിച്ചതനുസരിച്ചാണ് ബൈജു പൗലോസ് പരാതിയുമായി മുന്നോട്ടു വന്നതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പണി കൊടുക്കണമെന്ന് ദിലീപും പ്രതികളും തീരുമാനം എടുത്തിരുന്നു. നല്ല പണി കൊടുക്കും എന്നു ദിലീപ് പറയുന്നത് എങ്ങനെ ശാപവാക്കാകുമെന്നും ഇതു തീരുമാനമെടുത്തതാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. വെറും ശാപ വാക്കല്ല ദിലീപ് പറഞ്ഞത്. പ്രതി ഉപയോഗിച്ച ചില വാക്കുകള്‍ ശാപ വാക്കായി കണക്കാക്കിയാല്‍ പോലും ‘പണി കൊടുക്കുമെന്ന്’ പറയുന്നത് ഒരിക്കലും അത്തരം പ്രയോഗമായി കാണാന്‍ പറ്റില്ല.

ബാലചന്ദ്രകുമാറെന്ന ദൃക്സാക്ഷിയുള്ള കേസാണിത്. ബാലചന്ദ്രകുമാര്‍ ദിലീപുമായി ബന്ധപ്പെട്ട വിഷയം പൊലീസിനെ അറിയിക്കുമെന്ന പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ തടഞ്ഞുവെന്നും ദിലീപ് നമ്മളെ എല്ലാവരെയും കൊലപ്പെടുത്തുമെന്ന് അവര്‍ പറഞ്ഞതായുമുള്ള മൊഴി പ്രോസിക്യൂഷന്‍ കോടതിയെ വായിച്ചു കേള്‍പ്പിച്ചു. കേസില്‍ ദിലീപാണ് ഒന്നാം പ്രതി. സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍. സുരാജ്, ഡ്രൈവര്‍ അപ്പുവെന്ന കൃഷ്ണപ്രസാദ്, സുഹൃത്തായ ബൈജു ചെങ്ങമനാട്, സുഹൃത്തും ഹോട്ടലുടമയുമായ ആലുവ സ്വദേശി ശരത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്.
പീഡന ദൃശ്യം കോടതിയില്‍ നിന്നു ചോര്‍ന്ന സംഭവം; അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയില്‍

Similar Articles

Comments

Advertismentspot_img

Most Popular