കൊച്ചി : നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്‌ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നിര്‍മ്മാതാവ് ആന്റോ ജോസഫ്, തിരക്കഥാകൃത്തും സംവിധായകനുമായ ബി. ഉണ്ണിക്കൃഷ്‌ണന്‍ എന്നിവരില്‍ നിന്നു ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം മൊഴിയെടുക്കും. ഫെഫ്‌ക ജനറല്‍ സെക്രട്ടറിയുമാണു ബി. ഉണ്ണിക്കൃഷ്‌ണന്‍.
നേരത്തെ ലഭിച്ച സാക്ഷിമൊഴികളുടെ അടിസ്‌ഥാനത്തിലാണിത്. ചില കാര്യങ്ങളില്‍ വ്യക്‌തത വരുത്താനാണു ഇവരില്‍ നിന്നു മൊഴിയെടുക്കുന്നത്. ഇരുവരെയും നോട്ടീസ് നല്‍കി വിളിപ്പിക്കാനാണു തീരുമാനം.2017 ഫെബ്രുവരി 17 നു സംഭവദിവസം നടിയെ തന്റെ വീട്ടിലാക്കിയ ശേഷം തിരികെ പോകാനൊരുങ്ങിയ ഡ്രൈവര്‍ മാര്‍ട്ടിനെ സംവിധായകന്‍ ലാലാണു തടഞ്ഞുവച്ചത്. പിന്നീട് ഇവിടേക്കു തൃക്കാക്കര എം.എല്‍.എ. പി.ടി. തോമസും നിര്‍മാതാവ് ആന്റോ ജോസഫും എത്തി. തുടര്‍ന്നാണു പോലീസിനെ വിവരം അറിയിക്കുന്നത്. എട്ടു സാക്ഷികളെ വിസ്‌തരിക്കാന്‍ പ്രോസിക്യൂഷന്‍ അനുമതി ചോദിച്ചതില്‍ ആന്റോ ജോസഫും ഉണ്ടായിരുന്നു. എന്നാല്‍, നേരത്തെ വിസ്‌തരിച്ച ആന്റോ ജോസഫ് ഉള്‍പ്പെടെ മൂന്നുപേരെ വീണ്ടും വിസ്‌തരിക്കാന്‍ വിചാരണകോടതി അനുമതി നല്‍കിയില്ല.