ഞങ്ങളെത്തും മുൻപ് എത്തി,വല്യേട്ടനെ പോലെ കൂടെ നിന്നു;ലാലേട്ടനും സുചിക്കും നന്ദി പറഞ്ഞ് റഹ്മാൻ

ഇക്കഴിഞ്ഞ ദിവസമായിരുന്നു ആയിരുന്നു നടൻ റഹ്മാന്റെ മകൾ റുഷ്ദയുടെ വിവാഹം താരനിബിഢമായ ചടങ്ങിൽ നടന്നത്. തെന്നിന്ത്യയുടെ ഒട്ടുമിക്ക പ്രിയ താരങ്ങളും വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തുകയും ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ‌ മീഡിയയിൽ വൈറലാവുകയും ചെയ്തു.

ശോഭന, സുഹാസിനി, രേവതി, അംബിക, പാർവതി ജയറാം, ലിസ്സി, മേനകാ സുരേഷ്, നദിയ മൊയ്തു അടക്കം ഒട്ടുമിക്ക താരങ്ങളും പങ്കെടുത്ത ചടങ്ങിൽ ഭാര്യ സുചിത്രയ്ക്ക് ഒപ്പമാണ് നടൻ മോഹൻലാൽ എത്തിയത്. വിവാഹചടങ്ങുകളിലുടനീളം ഒരു വല്യേട്ടനെ പോലെ കൂടെ നിന്ന മോഹൻലാലിന് നന്ദി പറഞ്ഞ് റഹ്മാൻ പങ്കുവച്ച ഹൃദയസ്പർശിയായ കുറിപ്പാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

റഹ്മാന്റെ കുറിപ്പ്

എന്റെ പ്രിയപ്പെട്ട ലാലേട്ടന്…

ജീവിതത്തിൽ ചില നിർണായക മുഹൂർത്തങ്ങളുണ്ട്. എത്രയും പ്രിയപ്പെട്ടവർ നമ്മോടുകൂടി ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്ന അപൂർവ നിമിഷങ്ങൾ. കഴിഞ്ഞ വ്യാഴാഴ്ച എനിക്ക് അത്തരമൊരു ദിവസമായിരുന്നു. മകളുടെ വിവാഹം. ഏതൊരു അച്ഛനെയും പോലെ ഒരുപാട് ആകുലതകൾ ഉള്ളിലുണ്ടായിരുന്നു. കോവിഡിന്റെ ഭീതി മുതൽ ഒരുപാട്… ആഗ്രഹിച്ചപോലെ ചടങ്ങുകളെല്ലാം ഭംഗിയായി നടക്കുമോ, ക്ഷണിച്ചവർക്കെല്ലാം വരാനാകുമോ, എന്തെങ്കിലും കുറവുകളുണ്ടാകുമോ തുടങ്ങിയ അനാവശ്യ മാനസിക സംഘർഷങ്ങൾ വരെ… കൂടെനിന്നു ധൈര്യംപകരാനും കയ്യിലൊന്നു പിടിച്ച് കരുത്തേകാനും പ്രിയപ്പെട്ടൊരാളെ അറിയാതെ തേടുന്ന സമയം… അവിടേക്കാണ് ലാലേട്ടൻ വന്നത്. ലാലേട്ടനൊപ്പം സുചിത്രയും … എന്റെ മോഹം പോലെ ഡ്രസ് കോഡ് പാലിച്ച് …. ആർടിപിസിആർ പരിശോധന നടത്തി…

ഞങ്ങളെത്തും മുൻപ് അവിടെയെത്തിയെന്നു മാത്രമല്ല, എല്ലാവരും മടങ്ങുന്ന സമയം വരെ ഒരു വല്യേട്ടനെ പോലെ കൂടെ നിന്നു. സ്നേഹം തൊട്ട് എന്റെ മനസ്സിനെ ശാന്തമാക്കി… പ്രിയപ്പെട്ട ലാലേട്ടാ… സുചി… നിങ്ങളുടെ സാന്നിധ്യം പകർന്ന ആഹ്ളാദം വിലമതിക്കാനാവാത്തതാണ് ഞങ്ങൾക്കെന്ന് പറയാതിരിക്കാനാവില്ല. ഒരേസമയം, വല്യേട്ടനാവാനും കൂട്ടുകാരനാവാനും മറ്റാർക്കാണ് ഇതുപോലെ കഴിയുക? സ്വന്തം സഹോദരനോട് നന്ദി പറയുന്നത് അനുചിതമാവും. അടുത്ത കൂട്ടുകാരനോടും നന്ദി പറയേണ്ടതില്ല. പക്ഷേ… ഞങ്ങൾക്കു പറയാതിരിക്കാനാവുന്നില്ല. നന്ദി…ഒരായിരം നന്ദി…

സ്നേഹത്തോടെ,
റഹ്മാൻ, മെഹ്റുന്നിസ.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7