പൃഥിരാജിന്റെ കടുവ സിനിമയ്ക്ക് സ്റ്റേ. കുരുവിനാക്കുന്നേൽ കുറുവച്ചൻ എന്ന ജോസ് കുരുവിനാക്കുന്നേൽ നൽകിയ ഹർജിയിലാണ് സ്റ്റേ. എറണാകുളം സബ് കോടതിയുടേതാണ് ഉത്തരവ്. തന്റെ ജീവിതം പറയുന്ന സിനിമയാണെന്നും അത് മാനസികമായി വിഷമത്തിലാക്കും എന്നാണ് കുറുവച്ചൻ ഹർജിയിൽ പറയുന്നത്.
ബന്ധപ്പെട്ട ഹർജിയിൽ തീർപ്പാകുന്നതുവരെ ‘കടുവ’ സിനിമ പ്രദർശിപ്പിക്കുന്നത് കോടതി വിലക്കി. സിനിമ മുഴുവനായോ ഭാഗികമായോ പ്രദർശിപ്പിക്കുന്നതും തിരക്കഥ പ്രസിദ്ധീകരിക്കുന്നതും വിലക്കിയിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളിലും ഒ.ടി.ടി.യിലും വിലക്കുണ്ട്.
സിനിമയുടെ നിർമാതാക്കളായ സുപ്രിയ മേനോൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. അതോടൊപ്പം സംവിധായകൻ ഷാജി കൈലാസ്, തിരക്കഥാകൃത്ത് ജിനു വി എബ്രഹാം എന്നിവരടക്കമുള്ള നാലുപേരെ എതിർകക്ഷികളാക്കിക്കൊണ്ടാണ് ഹർജി ഫയൽ ചെയ്യുകയും താത്ക്കാലികമായ സ്റ്റേ സമ്പാദിക്കുകയും ചെയ്തിരിക്കുന്നത്. കേസ് ഈ മാസം 14-ന് വീണ്ടും പരിഗണിക്കും.
നീണ്ട ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കടുവ. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തേയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. വിവേക് ഒബ്രോയ് ആണ് വില്ലൻ വേഷത്തിൽ. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ടീസർ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.