നാളെ മുതൽ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിൻവലിക്കുമോ? ഇന്ന് രാത്രി അറിയാം…

തിരുവനന്തപുരം∙ സംസ്ഥാനത്തെ സ്വകാര്യ ബസുകൾ ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ ബസ് ഉടമകളുടെ പ്രതിനിധികളുമായി ഗതാഗത മന്ത്രി ചർച്ച നടത്തും.

തിങ്കളാഴ്ച രാത്രി 10ന് കോട്ടയം നാട്ടകം ഗസ്റ്റ്ഹൗസിൽവച്ചാണ് മന്ത്രി ആന്റണി രാജു, ബസ് ഉടമകളുമായി ചർച്ച നടത്തുന്നത്. മന്ത്രിയുടെ ഓഫിസാണ് ഇക്കാര്യം അറിയിച്ചത്.

വിദ്യാർഥികളുടെ ഉൾപ്പെടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നും ഡീസൽ സബ് സിഡി നൽകണമെന്നും ആവശ്യപ്പെട്ടാണ് സമരം. സ്വകാര്യ ബസുടമകളുടെ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗതാഗത മന്ത്രിക്ക് നോട്ടിസ് നൽകിയിരുന്നു.

അതേസമയം ഒരു വിഭാഗം ബസുടമകൾ നാളെ മുതൽ സംസ്ഥാന വ്യാപകമായി സർവ്വീസ് നിർത്തിവെച്ച് നടത്തുന്ന സമരത്തിൽ പങ്കെടുക്കില്ലെന്ന് പ്രൈവറ്റ് ബസ് ഉടമ സംരക്ഷണ സമിതി. സർക്കാരിനെ വെല്ലുവിളിച്ചുള്ള സമരത്തിനില്ലെന്ന് സംഘടന ഭാരവഹികൾ തൃശൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സ്വകാര്യ ബസ് മേഖലയുടെ സംരക്ഷണത്തിനാവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് ചൂണ്ടിക്കാട്ടി സംഘടന മുഖ്യമന്ത്രിയ്ക്കും ഗതാഗത വകുപ്പ് മന്ത്രിയ്ക്കും നിവേദനം നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ നികുതി അടയ്ക്കാനുള്ള സമയം ഡിസംബർ വരെ നീട്ടി നൽകുകയും ജിപിഎസ് ഘടിപ്പിക്കുന്നതിന് സാവകാശം നൽകുകയും ചെയ്തിട്ടുണ്ട്. ചാർജ് വർദ്ധന അടക്കമുള്ള കാര്യങ്ങൾ ആലോചിച്ച് സപ്പിലാക്കാമെന്ന ഉറപ്പും സർക്കാർ നൽകിയിട്ടുണ്ട്. ഈ അവസരത്തിൽ സർക്കാരിനെ വിശ്വാസത്തിലെടുക്കാതെ ജനങ്ങളെ വലയ്ക്കുന്ന സമരത്തിനെ പിന്തുണയ്ക്കാനാവില്ലെന്ന നിലപാടാണ് സംഘടനയ്ക്കുള്ളത്.

സമരത്തിൽ പങ്കെടുക്കാതെ സർവ്വീസ് നടത്താൻ തീരുമാനിച്ചതോടെ തങ്ങൾക്കെതിരെ ഭീഷണിയുണ്ട്. ഇതിനെതിരെ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയ സംഘടന സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തൃശൂർ ജില്ലയിലെ 150 ബസുകൾ ഉൾപ്പടെ സംസ്ഥാനത്ത് 1500 ബസുകൾ സമരത്തിൽ നിന്ന് വിട്ടു നിൽകുമെന്ന് ഭാരവാഹികൾ അവകാശപ്പെട്ടു. സംഘടന സംസ്ഥാന പ്രസിഡൻ്റ് റ്റി.എ.ഹരി, ജനറൽ സെക്രട്ടറി റെജി മാത്യു, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഇ.പി. ബൈജു, രക്ഷാധികാരി കെ.എ. നസീർ, ജില്ലാ പ്രസിഡൻ്റ് അനീഷ് കല്ലട എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Similar Articles

Comments

Advertismentspot_img

Most Popular