അന്തരിച്ച കന്നഡ സൂപ്പർ താരം പുനീത് രാജ്കുമാറിന്റെ കണ്ണുകൾ നാല് പേർക്ക് കാഴ്ച്ചയേകും. മൂന്ന് പുരുഷന്മാർക്കും ഒരു സ്ത്രീയ്ക്കുമാണ് പുനീതിന്റെ കണ്ണുകൾ വെളിച്ചമേകിയത്. നാരായണ നേത്രാലയ ആശുപത്രിയിൽ കോർണിയ ആൻഡ് റിഫ്രാക്ടീവ് വിഭാഗം മേധാവി ഡോ.ലോഹിത് ഷെട്ടിയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. 2 കോർണിയയിലെയും പാളികൾ രണ്ടായി വേർതിരിച്ചെടുത്താണ് രോഗികളിൽ വച്ച് പിടിപ്പിച്ചത്.
നാരായണ നേത്രാലയയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന ഡോ.രാജ്കുമാർ നേത്രബാങ്കുകൾ മുഖേനയാണ് കണ്ണുകൾ ദാനം ചെയ്തത്. 2006ൽ രാജ്കുമാറിന്റെയും 2017ൽ ഭാര്യ പർവതമ്മയുടെയും കണ്ണുകൾ ദാനം ചെയ്തിരുന്നു.
കർണാടകയുടെ ഉള്ളുലച്ചാണ് ആരാധകരുടെ പ്രിയപ്പെട്ട അപ്പുവിന്റെ വിടവാങ്ങൽ. നിരവധി ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തി വന്നിരുന്ന പുനീത് താരജാഡകളില്ലാത്ത താരമായിരുന്നു. പുനീതിന്റെ അഭാവത്തിൽ താരം പഠനച്ചെലവു വഹിച്ചിരുന്ന 1800 കുട്ടികളുടെ തുടർവിദ്യാഭ്യാസം തമിഴ് നടൻ വിശാൽ കഴിഞ്ഞ ദിവസം ഏറ്റെടുത്തിരുന്നു.
“പുനീത് നല്ലൊരു നടൻ മാത്രമല്ല, നല്ലൊരു സുഹൃത്ത് കൂടിയായിരുന്നു. സൂപ്പർസ്റ്റാറുകളിൽ ഇത്രയും വിനീതനായ മറ്റൊരു നടനെ ഞാൻ കണ്ടിട്ടില്ല. സാമൂഹികപ്രതിബദ്ധതയുള്ള ഒരുപാട് കാര്യങ്ങൾ അദ്ദേഹം ചെയ്തിരുന്നു. അതിലെനിക്ക് ഒരുപാട് അഭിമാനം തോന്നുന്നു. പുനീത് നിർവഹിച്ചിരുന്ന 1800 കുട്ടികളുടെ വിദ്യാഭ്യാസച്ചെലവുകൾ അടുത്ത വർഷം മുതൽ അദ്ദേഹത്തിന് വേണ്ടി ഞാനേറ്റെടുത്ത് നടത്തുമെന്ന് ഇവിടെ പ്രതിജ്ഞ ചെയ്യുകയാണ്…” വിശാൽ വ്യക്തമാക്കി.
ഇക്കഴിഞ്ഞ ഒക്ടോബർ 29നാണ് ഹൃദയാഘാതത്തെ തുടർന്ന് പുനീതിന്റെ അപ്രതീക്ഷിത മരണം സംഭവിക്കുന്നത്. അച്ഛൻ ഡോ. രാജ്കുമാറിനും അമ്മ പാർവതാമ്മക്കും ഒപ്പം കണ്ഠീരവ സ്റ്റുഡിയോയിലാണ് പുനീതിനും അന്ത്യവിശ്രമം ഒരുക്കിയത്.
ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കോണ്‍ഗ്രസ് പ്രവർത്തകരെ തിരിച്ചറിഞ്ഞു; അറസ്റ്റ് ഇന്നുണ്ടായേക്കും