കോണ്‍ഗ്രസ് സമരത്തിനെതിരേ പ്രതിഷേധിച്ച ജോജുവിന്റെ വാഹനം തകര്‍ത്തു; നടന്‍ മദ്യപിച്ചതായി നേതാക്കൾ

കൊച്ചി: കോണ്‍ഗ്രസിന്റെ ഉപരോധ സമരത്തിനെതിരേ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിന്റെ വാഹനത്തിന്റെ ചില്ല് അടിച്ചുതകര്‍ത്തു. സമരത്തിനെതിരേ രോഷാകുലനായി പ്രതിഷേധിച്ചതിന് പിന്നാലെയാണ് ജോജുവിന്റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വാഹനത്തിന് നേരേ ആക്രമണമുണ്ടായത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടനെ ആക്രമിക്കാനും ശ്രമിച്ചു. തുടര്‍ന്ന് പോലീസെത്തിയാണ് ജോജുവിനെ സംഭവസ്ഥലത്തുനിന്ന് കൊണ്ടുപോയത്.

അതിനിടെ, ജോജു ജോര്‍ജ് മദ്യപിച്ചിരുന്നതായും മദ്യലഹരിയിലാണ് പ്രശ്‌നങ്ങളുണ്ടാക്കിയതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. മദ്യപിച്ചുവന്ന് അധിക്ഷേപിച്ചതാണ് പ്രതികരണത്തിന് ഇടയാക്കിയത്. സിനിമാ സ്റ്റൈലില്‍ ഷോ കാണിക്കുകയാണ് ചെയ്തത്. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഉള്‍പ്പെടെ അധിക്ഷേപിക്കുകയും ചെയ്തു. മുന്‍കൂട്ടി പോലീസിനെയും അധികാരികളെയും അറിയിച്ചാണ് സമരം നടത്തിയത്. ജോജു ജോര്‍ജിന്റെ വാഹനത്തില്‍ മദ്യക്കുപ്പികള്‍ ഉണ്ടായിരുന്നു. അത് പോലീസിന് കാട്ടിക്കൊടുത്തു. ജോജു ജോര്‍ജിനെതിരേ പരാതി നല്‍കും. വാഹനം തകര്‍ത്തതില്‍ കോണ്‍ഗ്രസിന് പങ്കില്ല. അത് സമരത്തിന് പിന്തുണയര്‍പ്പിച്ച് എത്തിയ ആരോ ചെയ്തതാണ്. വഴിപോക്കരാണ് വാഹനം തകര്‍ത്തതെന്നും എറണാകുളം ഡി.സി.സി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് പറഞ്ഞു.

തിങ്കളാഴ്ച രാവിലെ വൈറ്റിലയില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടാണ് കോണ്‍ഗ്രസ് ഉപരോധ സമരം സംഘടിപ്പിച്ചത്. ഇന്ധനവില വര്‍ധനവിനെതിരെയായിരുന്നു സമരം. എന്നാല്‍ സമരം കാരണം ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ നടന്‍ ജോജു പരസ്യപ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

ഗതാഗതം തടസപ്പെടുത്തിയുള്ള സമരത്തിനെതിരെയായിരുന്നു ജോജുവിന്റെ പ്രതിഷേധം. വാഹനത്തില്‍നിന്നിറങ്ങിയ ജോജു സമരക്കാരുടെ അടുത്തെത്തി രോഷാകുലനായി തന്റെ പ്രതിഷേധം അറിയിക്കുകയായിരുന്നു. ഇത് ചെറിയരീതിയിലുള്ള വാക്കേറ്റത്തിനും ഇടയാക്കി. രണ്ട് മണിക്കൂറോളമായി ആളുകള്‍ കഷ്ടപ്പെടുകയാണെന്നും താന്‍ ഷോ കാണിക്കാന്‍ വന്നതല്ലെന്നും ജോജു മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് കൂടുതലായി ഒന്നും പറയാനില്ലെന്നും സമരം ചെയ്യുന്നവരോടാണ് ചോദ്യങ്ങള്‍ ചോദിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ, കാശുണ്ടായത് കൊണ്ടാണ് ജോജു ജോര്‍ജ് ഇത്തരത്തില്‍ പ്രതികരിക്കുന്നതെന്ന് സമീപത്തുനിന്ന് ഒരാള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. താന്‍ പണിയെടുത്താണ് കാശുണ്ടാക്കുന്നതെന്നായിരുന്നു ജോജു നല്‍കിയ മറുപടി. ഇതിനുപിന്നാലെയാണ് ജോജുവിന്റെ വാഹനത്തിന് നേരേ ആക്രമണമുണ്ടായത്. വാഹനത്തിന്റെ ചില്ല് അടിച്ചുതകര്‍ക്കുകയും ചെയ്തു. ജോജു മദ്യപിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് സുരക്ഷയിലാണ് ജോജുവിനെ സംഭവസ്ഥലത്തുനിന്ന് മാറ്റിയത്. നടനെ കൊണ്ടുപോകുമ്പോള്‍ കള്ളുകുടിയാ എന്ന് വിളിച്ചും കൂക്കിവിളിച്ചും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചിരുന്നു.

അതേസമയം, കോണ്‍ഗ്രസിന്റെ ഉപരോധം കാരണം വൈറ്റില മുതല്‍ ഇടപ്പളളി വരെ വാഹനങ്ങളുടെ നീണ്ടനിരയാണ് റോഡിലുള്ളത്. ആശുപത്രി, ഓഫീസ് ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ മണിക്കൂറുകളായി റോഡില്‍ കുടുങ്ങികിടക്കുകയാണ്.

Similar Articles

Comments

Advertismentspot_img

Most Popular