ബംഗളൂരു: ലഹരി ഇടപാട് കേസിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചതിനു ജയിലിൽ കഴിയുന്ന ബിനീഷ് കോടിയേരിക്കു പുറത്തിറങ്ങാൻ കഴിഞ്ഞില്ല. ജാമ്യം നിൽക്കാമെന്നേറ്റവർ അവസാന നിമിഷം പിൻമാറിയതിനെ തുടർന്നാണ് പുറത്തിറങ്ങുന്നത് അനിശ്ചിതത്വത്തിലായത്. ജാമ്യവ്യവസ്ഥയിലുള്ള എതിർപ്പാണ് കർണാടകക്കാരായ ജാമ്യക്കാർ അവസാന നിമിഷം പിന്മാറാൻ കാരണമെന്നാണ് സൂചന.
ബിനീഷിനെ ഇന്ന് തന്നെ പുറത്തിറക്കാനായിരുന്നു സഹോദരന്‍ ബിനീഷ് കോടിയേരിയും സുഹൃത്തുക്കളും ശ്രമിച്ചത്. എന്നാല്‍ അവസാന നിമിഷം അത് നടക്കാതെ വരികയായിരുന്നു. അഞ്ച് ലക്ഷത്തിന്റെ രണ്ട് ആള്‍ജാമ്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചിരുന്നത്. ഇതിന് കര്‍ണാടകയില്‍ നിന്ന് തന്നെ ആളുകള്‍ വേണമായിരുന്നു. ഇതിനായി കണ്ടെത്തിയ ആളുകള്‍ അവസാന നിമിഷം കോടതിയില്‍ വെച്ച് പിന്മാറുകയായിരുന്നു.
പകരം ആളുകളെ എത്തിച്ചപ്പോഴേക്കും വിചാരണക്കോടതിയിൽ വിടുതൽ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം കഴിഞ്ഞിരുന്നു. ഇനി നാളെയേ പുറത്തിറങ്ങാൻ കഴിയൂ.
കോടതിയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിന് ശേഷം മാത്രമേ മോചന ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് ലഭിക്കുകയുള്ളു. ജാമ്യക്കാരെ നാളെ കോടതിയില്‍ വീണ്ടും ഹാജരാക്കി ജാമ്യവ്യവസ്ഥകള്‍ എല്ലാം പാലിച്ചുകൊണ്ട് മാത്രമേ ബിനീഷിന് ഇറങ്ങാന്‍ കഴിയൂ. നാളെ ഉച്ചയോടെ ബിനീഷിന് പുറത്തിറങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വ്യാഴാഴ്ചയാണ് ബിനീഷ് കോടിയേരിക്കു കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി ഒരു വർഷം പൂർത്തിയാകാൻ ഒരു ദിവസം ബാക്കി നിൽക്കെ ആയിരുന്നു ജാമ്യം. ഇഡി അന്വേഷിക്കുന്ന കേസിൽ നാലാം പ്രതിയാണ് ബിനീഷ്.