തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ഇകഴ്ത്തി കാണിക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. കേരളം തകർന്നുവെന്ന് വരുത്തി തീർക്കാൻ ചിലരും ചില മാധ്യമങ്ങളും തീവ്രശ്രമം നടത്തുന്നുണ്ടെന്ന് മന്ത്രി ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ വിമർശിച്ചു.
ഇത്തരത്തിലുള്ളവർ കോവിഡ് പ്രതിരോധത്തെ സഹായിക്കാനല്ല, മറിച്ച് ഇവർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ തകർക്കാനാണ് ശ്രമിക്കുന്നതെന്നും ലേഖനത്തിൽ പറയുന്നു.
നിലവിൽ രോഗികളുടെ എണ്ണം ഏറ്റവും കൃത്യതയോടെ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനം കേരളമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ചില സംസ്ഥാനത്ത് 120 കേസിൽ ഒന്നും 100 കേസിൽ ഒന്നുമൊക്കെയാണ് റിപ്പോർട്ട് ചെയ്യുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. ദേശീയ ശരാശരി 33 കേസിൽ ഒന്ന് എന്നതാണ്. കേരളത്തിൽ ഇത് ആറിൽ ഒന്ന് എന്നതാണെന്ന് ഐസിഎംആർ പറയുന്നു. ലേഖനത്തിൽ മന്ത്രി ചൂണ്ടിക്കാട്ടി.
കോവിഡ് പരിശോധനകളുടെ എണ്ണത്തിൽ ഓരോ ദശലക്ഷത്തിലും നടത്തുന്ന പരിശോധനകളിൽ രാജ്യത്ത് ഒന്നാംനിരയിലാണ് കേരളം. രോഗികളെയും രോഗം വരാൻ സാധ്യതയുള്ളവരെയും കണ്ടെത്തുക എന്നതുപോലെ പ്രധാനമാണ് ചികിത്സയും ഉറപ്പാക്കുക എന്നതും. സംസ്ഥാനത്ത് ആശുപത്രി കിടക്കകൾ, ഐസിയു, വെന്റിലേറ്റർ, സുരക്ഷാ ഉപകരണങ്ങൾ, ഓക്സിജൻ ലഭ്യത എന്നിവയെല്ലാം വർധിപ്പിച്ചു. മൂന്നാം തരംഗത്തെ നേരിടുന്നതിനും നേരത്തെ തന്നെ മുന്നൊരുക്കം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി ലേഖനത്തിൽ പറയുന്നു.