ഓണ്‍ലൈന്‍ വായ്‌പത്തട്ടിപ്പ്‌: ഡല്‍ഹി മലയാളികള്‍ പിടിയില്‍

തൃശൂര്‍: കുറഞ്ഞ പലിശയ്‌ക്ക്‌ ഓണ്‍ലൈനായി വായ്‌പ വാഗ്‌ദാനം ചെയ്‌തു ലക്ഷങ്ങള്‍ തട്ടിയ സംഘത്തെ തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം പോലീസ്‌ പിടികൂടി. വെസ്‌റ്റ്‌ ഡല്‍ഹി രഘുബീര്‍ നഗറില്‍ താമസിക്കുന്ന വിനയപ്രസാദ്‌ (23), സഹോദരന്‍ വിവേക്‌ പ്രസാദ്‌ (23), ചേര്‍ത്തല പട്ടണക്കാട്‌ വെട്ടക്കല്‍ പുറത്താംകുഴി വീട്ടില്‍ ഗോകുല്‍ (25), വെസ്‌റ്റ്‌ ഡല്‍ഹി രജ്‌ദീര്‍ നഗറില്‍ താമസിക്കുന്ന ജിനേഷ്‌ (25), ചെങ്ങന്നൂര്‍ പെരിങ്ങാല വൃന്ദാവനം വീട്ടില്‍ ആദിത്യ (21), കോഴിക്കോട്‌ നെല്ലിക്കോട്‌ സ്വദേശി അഭയ്‌ വാസുദേവ്‌ (21) എന്നിവരാണു പിടിയിലായത്‌. ഇവരെല്ലാം ഡല്‍ഹിയില്‍ സ്‌ഥിരതാമസക്കാരാണ്‌. വിനയ പ്രസാദിനെ ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ സി.ഐ.എസ്‌.എഫ്‌. ഉദ്യോഗസ്‌ഥരുടെ സഹായത്തോടെയാണു പിടികൂടിയത്‌.
നൂലാമാലകളില്ലാതെ വായ്‌പ സംഘടിപ്പിച്ചു നല്‍കാമെന്ന എസ്‌.എം.എസ്‌. സന്ദേശം പ്രചരിപ്പിച്ചാണു തട്ടിപ്പിന്റെ തുടക്കം. പ്രമുഖ ധനകാര്യ സ്‌ഥാപനങ്ങളോടു സാമ്യമുള്ള പേരിനൊപ്പം ഫോണ്‍ നമ്പറും നല്‍കും. തിരിച്ചുവിളിക്കുന്നവരില്‍നിന്നു ലോണ്‍ പ്രോസസിങ്ങ്‌ ഫീസ്‌, നികുതി, ഡിമാന്‍ഡ്‌ ഡ്രാഫ്‌റ്റ്‌ ഫീസ്‌, പണം അക്കൗണ്ടിലേക്ക്‌ അടയ്‌ക്കാനുള്ള ചെറിയ ഫീസ്‌ തുടങ്ങി വിവിധ ആവശ്യങ്ങള്‍ പറഞ്ഞു പണമീടാക്കും. വായ്‌പ പാസാക്കിയതിന്റെ വ്യാജ രേഖകളും ബാങ്ക്‌ അക്കൗണ്ടില്‍ പണമിട്ടതിന്റെ വ്യാജ രസീതുകളും ഇടപാടുകാരന്റെ വാട്ട്‌സ്‌ ആപ്പിലേക്ക്‌ അയച്ചുകൊടുത്ത്‌ വിശ്വാസം പിടിച്ചുപറ്റും. ലോക്ക്‌ഡൗണ്‍ കാലത്ത്‌ ബിസിനസ്‌ മുടങ്ങിയവരും ജോലി നഷ്‌ടമായവരുമൊക്കെയാണ്‌ ഇവരുടെ വലയില്‍ വീണത്‌. വ്യാജ സിംകാര്‍ഡുകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബാങ്ക്‌ അക്കൗണ്ടുകളും ഉപയോഗിച്ചായിരുന്നു തട്ടിപ്പ്‌. അക്കൗണ്ടിലേക്കു വാങ്ങുന്ന പണം എ.ടി.എമ്മിലൂടെ പിന്‍വലിക്കുന്നതാണു രീതി. ഓരോരുത്തരില്‍നിന്നും പരമാവധി പണം തട്ടിച്ചശേഷം അതിനുപയോഗിച്ച സിം കാര്‍ഡ്‌ നശിപ്പിക്കും. വ്യാജ സിംകാര്‍ഡുകള്‍ വിതരണം ചെയ്ാന്‍ ഡല്‍ഹിയ കേന്ദ്രീകരിച്ച്‌ ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നെന്നും വിവരമുണ്ട്‌.
മുമ്പ്‌ ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള സൈബര്‍ സംഘങ്ങളാണു തട്ടിപ്പു നടത്തിയിരുന്നത്‌. ഹിന്ദിയിലും ഇംഗ്ലീഷിലും വാഗ്‌ദാനങ്ങളുമായി എത്തുന്നവരെ കരുതിയിരിക്കണമെന്നായിരുന്നു മുമ്പ്‌ പോലീസ്‌ മുന്നറിയിപ്പ്‌. ഇക്കുറി പിടിയിലായവര്‍ ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മലയാളികളാണ്‌. ഡല്‍ഹിയിലെ ഒരു സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥികള്‍ കൂടിയായ ഇവര്‍ ഹിന്ദിയിലും ഇംഗ്ലീഷിലും മലയാളത്തിലും അനായാസം സംസാരിച്ചാണ്‌ ഇടപാടുകാരെ വീഴ്‌ത്തിയത്‌.
തൃശൂര്‍ മേഖലാ ഡി.ഐ.ജി: എ. അക്‌ബര്‍, സിറ്റി പോലീസ്‌ കമ്മിഷണര്‍ ആര്‍. ആദിത്യ എന്നിവരുടെ നിര്‍ദേശപ്രകാരം സിറ്റി ക്രൈം റെക്കോഡ്‌സ്‌ ബ്യൂറോ അസിസ്‌റ്റന്റ്‌ കമ്മിഷണര്‍ കെ.കെ. സജീവ്‌, തൃശൂര്‍ സൈബര്‍ ക്രൈം പോലീസ്‌ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്‌ടര്‍ എ.എ. അഷറഫ്‌, സബ്‌ ഇന്‍സ്‌പെക്‌ടര്‍മാരായ സി.എ. സുനില്‍കുമാര്‍, എം.ഒ. നൈറ്റ്‌, കെ.എസ്‌. സന്തോഷ്‌, അസി. സബ്‌ ഇന്‍സ്‌പെക്‌ടര്‍ ആര്‍.എന്‍. ഫൈസല്‍, സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍ വിനു കുര്യാക്കോസ്‌, സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ വിനോദ്‌ ശങ്കര്‍, കെ.കെ. ശ്രീകുമാര്‍, വി.ബി. അനൂപ്‌, എം.പി. ശരത്ത്‌, വിഷ്‌ണുകുമാര്‍ എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്‌.

ചുമതലകള്‍ വീതിക്കും; പണം പങ്കിടും
തൃശൂര്‍: തട്ടിപ്പുസംഘത്തിലെ ഓരോരുത്തര്‍ക്കും വെവ്വേറെ ചുമതലകളുണ്ട്‌. ഇടപാടുകാരനെ കണ്ടെത്താന്‍ എസ്‌.എം.എസ്‌. അയയ്‌ക്കുക, സൗമ്യമായി സംസാരിച്ച്‌ വിശ്വാസം പിടിച്ചുപറ്റുക, ഇടപാടുകാരന്റെ സ്വഭാവം മനസിലാക്കി വായ്‌പയുടെ നടപടികള്‍ വിവരിച്ച്‌ കെണിയില്‍ വീഴ്‌ത്തുക തുടങ്ങി പല ചുമതലകളാണ്‌ ഓരോരുത്തര്‍ക്കും. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം വീതിച്ചെടുക്കും. ഡല്‍ഹിയില്‍നിന്നു തട്ടിപ്പുസംഘം ഇവര്‍ കേരളത്തിലേക്ക്‌ വരുന്നതും പോകുന്നതും വിമാനങ്ങളിലായിരുന്നു. ഇന്നലെ അറസ്‌റ്റ്‌ ചെയ്‌ത പ്രധാന പ്രതി വിനയ്‌ പ്രസാദിനെ തിരുവനന്തപുരം വിമാനത്താവളത്തില്‍വച്ചു സി.ഐ.എസ്‌.എഫ്‌. ഉദ്യോഗസ്‌ഥരുടെ സഹായത്തോടെയാണു പിടികൂടിയത്‌.

കരുതിയിരിക്കണം

കോവിഡ്‌ പശ്‌ചാത്തലത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉയര്‍ന്നതോടെ ചൂഷണത്തിന്‌ ഇരയാകുന്നവരുടെ എണ്ണം കൂടി.

മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ എന്നിവയിലൂടെ എത്തുന്ന ഇ-മെയില്‍, എസ്‌.എം.എസ്‌. സന്ദേശങ്ങളോട്‌ സൂക്ഷ്‌മതയോടെ പ്രതികരിക്കുക.
ഓണ്‍ലൈന്‍ ബാങ്കിങ്‌, ഷോപ്പിങ്ങ്‌ ഇടപാടുകളില്‍ ജാഗ്രത പുലര്‍ത്തുക.
വ്യക്‌തിഗത വിവരങ്ങള്‍, ഒറ്റത്തവണ പാസ്‌വേഡുകള്‍ തുടങ്ങി സ്വകാര്യ വിവരങ്ങള്‍ പങ്കിടരുത്‌.
ആകര്‍ഷകമായ വാഗ്‌ദാനങ്ങളില്‍ മോഹിച്ച്‌ ഓണ്‍ലൈന്‍ ഇടപാടുകളില്‍ ഏര്‍പ്പെടരുത്‌.
ഏതു സാഹചര്യത്തിലും 24 മണിക്കൂറും സഹായത്തിനായി തൊട്ടടുത്ത പോലീസ്‌ സ്‌റ്റേഷനെ സമീപിക്കുക.

തൃശൂര്‍ സ്വദേശിനിക്ക്‌ അഞ്ചുലക്ഷം നഷ്‌ടം
പത്തുലക്ഷം വായ്‌പ സംഘഷിപ്പിച്ചു നല്‍കാമെന്നു പറഞ്ഞ്‌ തൃശൂര്‍ സ്വദേശിയായ യുവതിയില്‍നിന്നും സംഘം തട്ടിയെടുത്തത്‌ അഞ്ചു ലക്ഷത്തോളം രൂപ. ഇവരുടെ പരാതിയില്‍ തൃശൂര്‍ സിറ്റി പോലീസ്‌ സൈബര്‍ ക്രൈം പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസാണു പ്രതികളുടെ അറസ്‌റ്റിലെത്തിയത്‌. സംസ്‌ഥാനത്തിന്‌ അകത്തും പുറത്തുമുള്ള നിരവധിപ്പേര്‍ക്കു പണം നഷ്‌ടമായെന്നാണു കരുതുന്നത്‌. തട്ടിപ്പിനിരയായെന്നു മറ്റുള്ളവര്‍ അറിയുന്നതിലെ നാണക്കേടോര്‍ത്തു മറച്ചുവയ്‌ക്കുന്നതു തട്ടിപ്പുകാര്‍ക്കു തുണയാകുന്നു. പണം നഷ്‌ടമായവരെക്കുറിച്ചും വരും ദിവസങ്ങളില്‍ അന്വേഷിക്കും.

Similar Articles

Comments

Advertisment

Most Popular

ഇടുക്കി ഡാം തുറന്നു… വൈകീട്ട് നാല് മണിയോടെ വെള്ളം ആലുവയിൽ എത്തും…

2018-ലെ പ്രളയത്തിനുശേഷം ഇടുക്കി ഡാമിൽനിന്ന് വീണ്ടും വെള്ളം തുറന്നുവിട്ടു. ജലനിരപ്പ് ചുവന്ന ജാഗ്രതാ പരിധി പിന്നിട്ടതോടെയാണ് ചെറിയ അളവിൽ വെള്ളം തുറന്നുവിടാൻ തീരുമാനിച്ചത്. രാവിലെ 11-ന് ചെറുതോണി ഡാമിന്റെ ഷട്ടർ 35 സെന്റിമീറ്റർ...

വയനാട്ടിലും ഇടുക്കിയിലും ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കും

വയനാട്ടിലും ഇടുക്കിയിലും ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കും കേരളത്തിൽ ഇടുക്കി, വയനാട് ജില്ലകളിൽ ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കാൻ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ തയ്യാറെടുക്കുന്നു. അടുത്ത മഴ സീസണിന് മുൻപു തന്നെ സ്ഥാപിക്കാനാണ് പദ്ധതി....

സെൽഫി എടുക്കൽ, ലൈവ് വീഡിയോ വേണ്ട… ഇടുക്കി ഡാം തുറക്കുന്നതിൻ്റെ ഭാഗമായി കർശന നിർദേശങ്ങൾ

ജില്ലാ കളക്ടറുടെ അറിയിപ്പ് ഇങ്ങനെ ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ ഭാഗമായ ഇടുക്കി ജല സംഭരണിയുടെ പൂർണ്ണ സംഭരണ ശേഷി 2403 അടിയാണ്. 18/10/2021 തിയ്യതിയിലെ ജലനിരപ്പ് 2396.86 അടിയിൽ എത്തിയതിനെ തുടർന്ന് പ്രസ്തുത ഡാമിൽ 18/10/2021 രാവിലെ 7.00...