ന്യൂഡല്‍ഹി: കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം രാജ്യത്ത് 492 ആയി. ഇവരില്‍ 37 പേര്‍ ചികിത്സയിലുടെ സുഖം പ്രാപിച്ചു. 446 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഒമ്പത് പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായതെന്ന് ദേശീയ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി.
കേര, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് രോഗികളുടെ എണ്ണം 492 ആയി ഉയര്‍ന്നത്. കേരളത്തില്‍ 95 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ തൃശൂര്‍ സ്വദേശിക്കാണ് ഒടുവില്‍ രോഗം കണ്ടെത്തിയത്. വയനാട്, കൊല്ലം, എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ആളുകള്‍ വീടുകളില്‍ അടച്ചിരിക്കുന്നത് രോഗ വ്യാപനം 62 ശതമാനം വരെ കുറയ്ക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച് പഠനത്തില്‍ പറയുന്നു. രാജ്യത്തെ 30 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും അടച്ചിടല്‍ പൂര്‍ണ്ണമാണ്. മൂന്ന് സംസ്ഥാനങ്ങളില്‍ അടച്ചിടല്‍ ഭാഗികമാണ്. 548 ജില്ലകളിലാണ് അടച്ചിടല്‍ പൂര്‍ണ്ണം.
തമിഴ്‌നാട്ടില്‍ കഴിഞ്ഞ രാത്രി മലേഷ്യയില്‍ നിന്നും എയര്‍ ഏഷ്യ വിമാനത്തില്‍ ചെന്നൈയില്‍ തിരിച്ചെത്തിച്ച 113 യാത്രക്കാരില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ഒമ്പത് പേരെ ആശുപത്രിയിലേക്ക് മാറ്റി. അവശേഷിക്കുന്ന 104 പേരെ വ്യോമസേനയുടെ തമ്പാരത്തുള്ള ക്യാമ്പില്‍ ക്വാറന്റൈനീലേക്ക് മാറ്റി.