വിവാഹ വാര്‍ഷിക ദിനത്തില്‍ മകന്റെ ആഗ്രഹം നിറവേറ്റി പ്രകാശ് രാജ്. ഇന്നലെയായിരുന്നു താരത്തിന്റെ 11ാം വിവാഹ വാര്‍ഷികം. വിവാഹ വാര്‍ഷിക ദിനത്തില്‍ തന്റെ മുന്നില്‍ വച്ച് അച്ഛനും അമ്മയും വീണ്ടും വിവാഹിതരാകണമെന്നായിരുന്നു മകന്‍ വേദാന്തിന്റെ ആഗ്രഹം. മകന്റെ ആഗ്രഹം പോലെ ഭാര്യ പൊനി വര്‍മ്മയെ പ്രകാശ് രാജ് വീണ്ടും വിവാഹം കഴിച്ചു.
ഇത്തവണത്തെ വിവാഹത്തിന് ചില പ്രത്യേകതകള്‍ കൂടിയുണ്ടായിരുന്നു. തന്റെ മക്കളായ വേദാന്ത്, മേഘ്‌ന, പൂജ എന്നിവരുടെയും ചെറു മക്കളുടെയും സാന്നിധ്യത്തിലായിരുന്നു പ്രകാശ് രാജിന്റെ വിവാഹം. മക്കളുടെ മുന്നില്‍വച്ച് ഇരുവരും വിവാഹ മോതിരം കൈമാറുകയും ചുംബിക്കുകയും ചെയ്തു. മകന്റെ ആഗ്രഹം സാധിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പ്രകാശ് രാജ് ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്.
വിവാഹ വാര്‍ഷിക ദിനത്തില്‍ പ്രകാശ് രാജ് ട്വിറ്ററിലൂടെ ഭാര്യ പൊനി വര്‍മ്മയ്ക്ക് ആശംസകള്‍ നേര്‍ന്നിരുന്നു. വിവാഹ ദിനത്തിലെ ചിത്രം പങ്കുവച്ചാണ് പ്രകാശ് രാജ് വിവാഹ വാര്‍ഷികാശംസകള്‍ നേര്‍ന്നത്.