ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട് ട്വിറ്ററിനെതിരെ ഡല്‍ഹിയില്‍ കേസ്. കേന്ദ്ര സര്‍ക്കാരുമായുള്ള ഭിന്നതയ്ക്ക് പിന്നാലെ രാജ്യത്ത് നിയമ പരിരക്ഷ നഷ്ടപ്പെട്ട ട്വിറ്ററിനെതിരെ ഫയല്‍ ചെയ്യപ്പെടുന്ന നാലാമത്തെ കേസാണിത്. ഐ.ടി – പോക്‌സോ നിയമങ്ങള്‍ പ്രകാരമുള്ളതാണ് പുതിയ കേസ്.
ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം ഡല്‍ഹി പോലീസിന്റെ സൈബര്‍ സെല്ലാണ് കേസെടുത്തിട്ടുള്ളത്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ട്വിറ്ററില്‍ നിരന്തരം പോസ്റ്റു ചെയ്യപ്പെടുന്നുവെന്ന് ബാലാവകാശ കമ്മീഷന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഡല്‍ഹി പോലീസിന്റെ സൈബര്‍ സെല്ലിന് രണ്ട് കത്തുകളയച്ച കമ്മീഷന്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ജൂണ്‍ 29 ന് ഹാജരാകണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഗാസിയാബാദില്‍ മുസ്‌ലിം വയോധികനെ മര്‍ദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട് ട്വിറ്ററിനെതിരെ ഈ മാസം ആദ്യം കേസെടുത്തിരുന്നു. വിഷയം നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ട്വിറ്റര്‍ ഇന്ത്യ തലവന്‍ മഹേഷ് മഹേശ്വരിയെ അറസ്റ്റു ചെയ്യുന്നത് കര്‍ണാടക ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. ഇതിനെതിരെ യു.പി പോലീസ് അപ്പീല്‍ നല്‍കിയിട്ടുമുണ്ട്. ഉത്തര്‍പ്രദേശില്‍ ഫയല്‍ ചെയ്യപ്പെട്ട മറ്റൊരു കേസിലും ട്വിറ്റര്‍ ഇന്ത്യ മേധാവി ഉള്‍പ്പെട്ടിട്ടുണ്ട്. ട്വിറ്റര്‍ വെബ്‌സൈറ്റില്‍ ഇന്ത്യയുടെ തെറ്റായ മാപ്പ് പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ടതാണ് കേസ്. തെറ്റായ ഭൂപടത്തില്‍ ജമ്മു കശ്മീരിനെയും ലഡാക്കിനെയും പ്രത്യേക രാജ്യങ്ങളായാണ് കാണിച്ചിരുന്നത്. ഇതേ ആരോപണത്തിന്റെ പേരില്‍ മഹേശ്വരിക്കെതിരെ മധ്യപ്രദേശിലും കേസെടുത്തിട്ടുണ്ട്.
ഉപഭോക്താക്കള്‍ പോസ്റ്റു ചെയ്യുന്നവയുമായി ബന്ധപ്പെട്ട നിയമ നടപടികളില്‍നിന്നുള്ള പരിരക്ഷ ട്വിറ്ററിന് ഈ മാസം ആദ്യം നഷ്ടപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഐ.ടി ചട്ടങ്ങള്‍ പാലിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. പരാതി പരിഹാരത്തിനായി ഇന്ത്യന്‍ ഉദ്യോഗസ്ഥനെ നിയമിക്കണം എന്നതടക്കമുള്ള വ്യവസ്ഥകള്‍ പാലിക്കാനാണ് ട്വിറ്റര്‍ വിസമ്മതിച്ചത്. പുതിയ ഐ.ടി നിയമങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്റര്‍ കേന്ദ്ര സര്‍ക്കാരുമായി കൊമ്പുകോര്‍ക്കുന്നത്.