യുഎഇ യാത്രാനുമതി: ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ റാപിഡ് പിസിആര്‍ പരിശോധനയ്ക്ക് സൗകര്യമൊരുക്കും

ദുബൈ: ഇന്ത്യയിലെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും റാപിഡ് പിസിആര്‍ പരിശോധനയ്ക്കുള്ള സൗകര്യമൊരുങ്ങുന്നു. യുഎഇയിലേക്ക് മടങ്ങുന്നവര്‍ക്ക് നാലു മണിക്കൂറിനുള്ളിലെടുത്ത റാപിഡ് പരിശോധനാ ഫലം വേണമെന്ന നിബന്ധനയുടെ പശ്ചാത്തലത്തിലാണ് നടപടി. ജൂണ്‍ 23ന് മുമ്പ് ഇത്തരത്തില്‍ പരിശോധന സംവിധാനം ഒരുക്കാനാണ് ശ്രമം. യുഎഇയിലേക്ക് യാത്രാവിലക്ക് നീക്കിയ പശ്ചാത്തലത്തിലാണ് നടപടി.

കേരളത്തിലെ നെടുമ്പാശ്ശേരി, തിരുവനന്തപുരം, കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താവളങ്ങളിലും ഈ സൗകര്യമൊരുക്കും. 34 അന്താരാഷ്ട്ര വിമാനങ്ങളാണ് ഇന്ത്യയിലുള്ളത്. ഈ വിമാനത്താവളങ്ങളില്‍ നിന്നാണ് ദുബൈയിലെത്തുന്ന വിമാനങ്ങളുടെ മൂന്നിലൊന്നും വരുന്നത്. യുഎഇ അംഗീകരിച്ച സ്വകാര്യ ലാബുകളുമായി സഹകരിച്ചായിരിക്കും പരിശോധനാ സംവിധാനം ക്രമീകരിക്കുക. കഴിഞ്ഞ ശനിയാഴ്ച ദുബൈ അധികൃതരുടെ പുതിയ അറിയിപ്പ് വന്നതോടെ എത്രയും വേഗം ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ഇന്ത്യന്‍ വ്യോമയാന മന്ത്രാലയവും. ദില്ലി, മുംബൈ, ഹൈദരാബാദ് ചെന്നൈ, കൊല്‍ക്കത്ത എന്നീ വിമാനത്താവളങ്ങളില്‍ നിലവില്‍ ഇത്തരത്തില്‍ പരിശോധനയ്ക്കുള്ള സംവിധാനമുണ്ട്.

യുഎഇ അംഗീകരിച്ച കൊവിഡ് വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ച താമസ വിസകാര്‍ക്ക് ഈ മാസം 23 മുതല്‍ രാജ്യത്ത് പ്രവേശിക്കാം. ഇന്ത്യക്ക് പുറമെ ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നീ രാജ്യങ്ങളില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്കും ഇളവുണ്ടാകുമെന്ന് ദുബൈ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സിനോഫാം, ഫൈസര്‍ – ബയോഎന്‍ടെക്, സ്‍പുട്‍നിക്, ആസ്‍ട്രസെനിക എന്നിവയാണ് യുഎഇ അംഗീകരിച്ച വാക്സിനുകള്‍. യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനകമുള്ള നെഗറ്റീവ് പി.സി.ആര്‍ പരിശോധനാ ഫലം ഹാജരാക്കണം. ഇതില്‍ യുഎഇ സ്വദേശികള്‍ക്ക് ഇളവുണ്ട്. ക്യു.ആര്‍ കോഡ് ഉള്‍പ്പെടുത്തിയിട്ടുള്ള പരിശോധനാ ഫലങ്ങള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. യാത്ര പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് എല്ലാ യാത്രക്കാരും റാപ്പിഡ് പി.സി.ആര്‍ പരിശോധന നടത്തണമെന്ന നിര്‍ദേശവുമുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular