ആശുപത്രി നിലം തുടച്ച്‌ മന്ത്രി, കയ്യടിച്ച് സോഷ്യല്‍ മീഡിയ

ഐസ്വാള്‍: സമൂഹ മാധ്യമങ്ങളില്‍ കയ്യടി നേടുകയാണ് ആശുപത്രി വാര്‍ഡിലെ നിലം തുടയ്ക്കുന്ന ഒരു രോഗിയുടെ ചിത്രം. ഈ ചിത്രത്തിന് എന്താണിത്ര പ്രത്യേകതയെന്ന് അന്വേഷിച്ചാല്‍ അറിയാം മുറി വൃത്തിയാക്കുന്നത് ഒരു മന്ത്രിയാണെന്ന്. വി.ഐ.പി. സംസ്‌കാരത്തോട് നോ പറഞ്ഞുകൊണ്ട് മുറി വൃത്തിയാക്കുന്നത് മിസോറാമിലെ വൈദ്യുത വകുപ്പ് മന്ത്രിയാണ്. കോവിഡ് കാലത്ത് സ്വന്തം പദവി പോലും പോലും നോക്കാതെ ജോലി ചെയ്യുന്ന മന്ത്രിയെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് സമൂഹമാധ്യമങ്ങള്‍.

കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മന്ത്രി ആര്‍. ലാല്‍സിര്‍ലിയാനയെ സോറം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കായി പ്രവേശിപ്പിച്ച വാര്‍ഡ് വൃത്തിഹീനമായി കിടക്കുന്നത് കണ്ട് തൂപ്പുകാരനെ വിളിച്ചെങ്കിലും ആരും എത്തിയില്ല. തുടര്‍ന്നാണ് വാര്‍ഡ് വൃത്തിയാക്കാന്‍ മന്ത്രി നേരിട്ട് രംഗത്തിറങ്ങിയത്. വാര്‍ഡ് വൃത്തിയാക്കുന്ന മന്ത്രിയുടെ ചിത്രം ആശുപത്രി ജീവനക്കാരിലൊരാള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

അതേസമയം, ഇതില്‍ അസാധാരണമായി ഒന്നുമില്ലെന്നാണ് ഫോട്ടോ വൈറലായതിനോട് മന്ത്രിയുടെ പ്രതികരണം. അടിച്ചുവാരി വൃത്തിയാക്കുന്നതും വീട്ടുജോലികള്‍ ചെയ്യുന്നതും തനിക്ക് പുതിയ കാര്യമല്ല. സമയമുള്ളപ്പോള്‍ താന്‍ ഇത്തരം ജോലികള്‍ ചെയ്യാറുണ്ട്. ചെയ്യേണ്ടി വന്നാല്‍ ചെയ്യണം. മന്ത്രിയായതുകൊണ്ട് മാത്രം താന്‍ മറ്റുള്ളവരില്‍ നിന്ന് ഉയര്‍ന്നവനാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ആശുപത്രിയില്‍ തനിക്ക് വി.ഐ.പി. പരിഗണന ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്തായാലും മന്ത്രിയുടെ ഫോട്ടോയ്ക്കും വാക്കുകള്‍ക്കും വലിയ അഭിനന്ദനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. യഥാര്‍ഥ പൊതുപ്രവര്‍ത്തകന്‍ എന്നാണ് ചിലര്‍ അദ്ദേഹത്തെക്കുറിച്ച് പറഞ്ഞത്. മറ്റ് നേതാക്കള്‍ ഇദ്ദേഹത്തെ കണ്ടുപഠിക്കട്ടെ എന്നായിരുന്നു മറ്റ് ചിലരുടെ പ്രതികരണം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7