വാക്‌സിന് കേന്ദ്രം എത്ര വില കൂട്ടിയാലും കേരളം അത് സൗജന്യമായി നല്‍കുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: കോവിഡ് വാക്‌സിന് കേന്ദ്രം എത്ര വില കൂട്ടിയാലും കേരളം അത് സൗജന്യമായി നല്‍കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. ലോക്ഡൗണിലൂടെ രാജ്യത്തിന് കനത്ത സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതിന് പകരം, അല്‍പ്പം നഷ്ടം സഹിച്ച് വാക്‌സിന്‍ സൗജന്യമായി നല്‍കുന്നതാണ് മികച്ച സാമ്പത്തിക ശാസ്ത്രമെന്നും തോമസ് ഐകസ് പറഞ്ഞു. മാതൃഭൂമി ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായാണ് വാക്‌സിന് പണം ഇടാക്കുന്നതെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി. സംസ്ഥാനങ്ങള്‍ മത്സരിച്ച് വാക്‌സിന്‍ വാങ്ങണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. ഇരട്ട വില സമ്പ്രദായത്തിനെതിരെയും സംസ്ഥാനങ്ങളുടെ മേല്‍ ഭാരം വരുന്നതിനെതിരെയും ശക്തമായ വിമര്‍ശനം ഉന്നയിക്കും.

കേരളം ഉള്‍പ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങളും വലിയ പ്രതിസന്ധിയിലാണ്. ഈയൊരു സാഹചര്യത്തില്‍ ആയിരം കോടിയൊക്കെ എടുത്ത് ഒറ്റയടിക്ക് ചിലവു ചെയ്യുക എന്നത് കൂടുതല്‍ സാമ്പത്തിക പ്രയാസങ്ങളിലേക്ക് നയിക്കും. പക്ഷേ, ജനങ്ങളുടെ പ്രയാസം പരിഹരിക്കാനായി സര്‍ക്കാരിന്റെ ചില പ്രവര്‍ത്തനങ്ങള്‍ നീട്ടിവയ്ക്കുകയാണ്. കേന്ദ്രം തന്നില്ലെങ്കില്‍ നാട്ടുകാര്‍ക്ക് കിട്ടില്ല എന്ന അവസ്ഥയുണ്ടാവില്ല.

കേന്ദ്രത്തിന് 150 രൂപയ്ക്കും സംസ്ഥാനങ്ങള്‍ക്ക് 400 രൂപയ്ക്കും വാക്‌സിന്‍ എന്നുപറയുന്നതില്‍ എന്ത് ന്യായമാണ് ഉള്ളത്. ഒരു രാഷ്ട്രത്തില്‍ എല്ലാം ഒരേപോലെ വേണമെന്ന് പറയുന്നവര്‍ തന്നെ ഒരു രാഷ്ട്രവും മൂന്ന് വിലയുമാക്കി മാറ്റിയിരിക്കുകയാണ്. 20 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു എന്നൊക്കെയാണല്ലോ കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത്. അതുപയോഗിച്ച് സൗജന്യവാക്‌സിന്‍ നല്‍കാം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങള്‍ സംഭാവന ചെയ്യണം. അല്ലെങ്കില്‍ 1100 കോടി രൂപ എവിടെനിന്നാണ് ഉണ്ടാക്കാന്‍ കഴിയുക എന്നും തോമസ് ഐസക് ചോദിച്ചു.

തിരഞ്ഞെടുപ്പ് സമയത്ത് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടു. അതിന് ഇന്ന പാര്‍ട്ടി എന്നില്ല, എല്ലാവര്‍ക്കും ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ടെന്നും തോമസ് ഐസക് വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7