അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെ എം ഷാജിയുടെ പത്തുവര്‍ഷത്തെ സാമ്പത്തിക വിവരങ്ങള്‍ ശേഖരിക്കാനൊരുങ്ങി വിജിലന്‍സ്. കഴിഞ്ഞ പത്ത് വര്‍ഷത്തെ സമ്പാദ്യവും ചിലവും പരിശോധിക്കാനാണ് വിജിലന്‍സ് തീരുമാനം. ഒപ്പം കാര്‍ഷിക വരുമാനവും രണ്ട് വീടുകളുടെ മൂല്യവും പിഡബ്ല്യുഡി, സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പിന്റെ സഹായത്തോടെ കണക്കാക്കും. അതിനായി കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘത്തെ വിപുലീകരിക്കും.
കഴിഞ്ഞ ദിവസം കോഴിക്കോട്ടെ വിജിലന്‍സ് ഓഫീസില്‍ നടന്ന ചോദ്യം ചെയ്യലില്‍ നാലര മണിക്കൂറാണ് വിജിലന്‍സ് എസ്പി ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘം ഷാജിയെ ചോദ്യം ചെയ്തത്. വീട്ടില്‍ നിന്ന് പിടിച്ച പണത്തെ സംബന്ധിക്കുന്ന രേഖകള്‍ ഒരാഴ്ച്ചയ്ക്കകം ഹാജരാക്കുമെന്നാണ് ഷാജി വിജിലന്‍സിനെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ അരക്കോടിയോളം വരുന്ന രൂപയുടെ ഉറവിടം കാണിക്കാന്‍ സമയം വേണമെന്ന കെ എം ഷാജിയുടെ ആവശ്യം വിജിലന്‍സ് തള്ളി.
കഴിഞ്ഞ ദിവസം റെയ്ഡില്‍ പിടിച്ചെടുത്ത പണത്തിന്റെയും സ്വര്‍ണത്തിന്റെയും ഉറവിടം സംബന്ധിച്ചുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്. കണ്ണൂരിലേയും കോഴിക്കോട്ടേയും വീടുകളില്‍ തിങ്കളാഴ്ച നടത്തിയ റെയ്ഡില്‍ കണ്ടെടുത്ത മറ്റ് രേഖകളിന്‍ മേലുള്ള റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അടുത്ത 23-നാണ് കെ എം ഷാജിയുടെ അനധികൃത സ്വത്തു സമ്പാദന കേസ് കോടതി പരിഗണിക്കാനിരിക്കുന്നത്.
വിദേശയാത്രയുടേതടക്കമുള്ള 72 ഓളം രേഖകളാണ് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്. പിടിച്ചെടുത്ത പണം ട്രഷറിയില്‍ നിക്ഷേപിക്കും. നടപടിക്രമങ്ങളുടെ ഭാഗമായി രേഖകള്‍ തിരികെ കിട്ടാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഹര്‍ജി നല്‍കും. കോടതിയില്‍ നിന്ന് കൂടുതല്‍ രേഖകള്‍ കിട്ടിയതിനുശേഷം കെ എം ഷാജിയെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
2011- 2020 കാലഘട്ടത്തില്‍ ഷാജിയുടെ സ്വത്തില്‍ 166 ശതമാനം വര്‍ദ്ധനവുണ്ടായെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. തെരഞ്ഞെടുപ്പ് കമ്മീഷന് ഷാജി നല്‍കിയ സത്യവാങ്മൂലത്തിലെ കണക്കുമായുള്ള അന്തരവും വിജിലന്‍സ് പരിശോധിക്കും.
എന്നാല്‍ പിടിച്ചെടുത്തത് തെരഞ്ഞെടുപ്പിന് പിരിച്ച പണമാണെന്നും പരമാവധി രേഖകള്‍ ഹാജരാക്കിയെന്നുമാണ് ഷാജി ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞത്. പണം തെരഞ്ഞെടുപ്പ് ഫണ്ടാണെ മുസ്ലീം ലീഗ് നിലപാടും ഷാജിക്ക് സഹായകമാകുമെന്നാണ് വിവരം