കൊച്ചി: കെ.എം.ഷാജിയെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ വിധിക്ക് സ്റ്റേ. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനാണ് രണ്ടാഴ്ചത്തേക്ക് സ്റ്റേ അനുവദിച്ചത്. കര്‍ശനമായ ഉപാധികളോടെയാണ് സ്റ്റേ അനുവദിച്ചത്. കോടതി ചെലവായ 50,000 രൂപ ഒരാഴ്ചക്കകം കെട്ടിവെക്കണം.കേസ് ചൊവ്വാഴ്ച പരിഗണിക്കും. സ്റ്റേ അനുവദിച്ചതിനാല്‍ ഷാജിക്ക് എംഎല്‍എ സ്ഥാനത്ത് തുടരാം. നിയമസഭാ സമ്മേളനങ്ങളില്‍ പങ്കെടുക്കുകയും വോട്ടു ചെയ്യുകയുമാകാം. എന്നാല്‍ ശമ്പളം വാങ്ങാനോ സംസാരിക്കാനോ അനുവാദമുണ്ടാകില്ല.
ഷാജിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നായിരുന്നു നികേഷിന്റെ ഹര്‍ജിയിലെ ആവശ്യം.
തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ വളപട്ടണം പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ലഘുലേഖയാണ് കോടതി വിധിക്ക് അടിസ്ഥാനമായ തെളിവായി മാറിയത്. കഷ്ടിച്ച് 20 ശതമാനം മാത്രം മുസ് ലിം വോട്ടര്‍മാര്‍ മാത്രമുള്ള മണ്ഡലത്തില്‍ എങ്ങനെയാണ് ഇത്തരമൊരു നോട്ടീസുകൊണ്ട് ജയിക്കാന്‍ കഴിയുക എന്നതാണ് ഷാജി ചോദിക്കുന്നത്. തന്നെ ജയിപ്പിക്കുന്നതിന് പകരം തോല്‍പിക്കാനല്ലേ ഇത്തരമൊരു നോട്ടീസുകൊണ്ട് കഴിയൂവെന്നും ഷാജി പറയുന്നു.
ബാര്‍ കോഴക്കേസില്‍ കോഴ വാങ്ങി, താന്‍ വിശ്വാസിയല്ല എന്ന് പ്രചരിപ്പിക്കാന്‍ ഇറക്കിയ ലഘുലേഖ അടക്കമുള്ളവയും വര്‍ഗീയപ്രചാരണവുമാണ് തോല്‍വിക്ക് ഇടയാക്കിയതെന്നായിരുന്നു നികേഷ് പരാതിയില്‍ ഉന്നയിച്ചത്.