കെട്ടുപോലും പൊട്ടിക്കാതെ വീണയുടെ പോസ്റ്ററുകള്‍; കണ്ടെത്തിയത് ആക്രിക്കടയില്‍

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ഥി വീണാ നായരുടെ ഉപയോഗിക്കാത്ത പോസ്റ്ററുകള്‍ ആക്രിക്കടയില്‍ ഉപേക്ഷിച്ച നിലയില്‍. കോണ്‍ഗ്രസ് പ്രചാരണത്തില്‍ വീഴ്ചയുണ്ടായെന്ന ആക്ഷേപം നിലനില്‍ക്കെയാണ് അച്ചടിച്ച പോസ്റ്ററുകള്‍ പോലും ഒട്ടിച്ചില്ലെന്നതിന്റെ തെളിവു പുറത്ത് വരുന്നത്.

പൊട്ടിക്കാത്ത, മികച്ച നിലയിലുള്ള അമ്പത് കിലോ പോസ്റ്ററുകളാണ് തിരുവനന്തപുരം നന്ദന്‍കോട്ടെ ആക്രിക്കടയില്‍ വില്‍പ്പനക്കെത്തിച്ചത്. പരിസരത്തുള്ള ഒരാള്‍ കൊണ്ടു തന്നതാണെന്നാണ് കടക്കാരന്‍ പറയുന്നത്.

ത്രികോണ മല്‍സരമെന്നു തോന്നിച്ച വട്ടിയൂര്‍ക്കാവില്‍ മല്‍സരശേഷം കോണ്‍ഗ്രസ് വിജയ പ്രതീക്ഷ പങ്കുവയ്ക്കുന്നുമില്ല. ശക്തമായ വേരോട്ടമുള്ള മണ്ഡലത്തില്‍ പിന്നില്‍പോകാന്‍ കാരണം നേതാക്കളടക്കം പലരും പ്രചാരണത്തില്‍ സഹകരിക്കാത്തതാണെന്നാണ് ആക്ഷേപം. അതിന്റെ തെളിവാണ് പാര്‍ട്ടിയും സ്ഥാനാര്‍ഥിയും അച്ചടിച്ചു നല്‍കിയ പോസ്റ്റര്‍ ഉപയോഗിക്കാതെ ആക്രിക്കടയിലെത്തിയത്.

കോണ്‍ഗ്രസ് വോട്ട് ബിജെപിക്ക് വിറ്റെന്ന ആക്ഷേപവും നിലനില്‍ക്കുന്നിടത്താണ് ഈ കാഴ്ച. പി.സി. വിഷ്ണുനാഥ്, കെ.പി. അനില്‍കുമാര്‍ എന്നിവരെ സ്ഥാനാര്‍ഥിയായി പരിഗണിച്ചപ്പോള്‍ പ്രാദേശിക പ്രതിഷേധം ഉയര്‍ന്നതോടെ അവസാന നിമിഷമായിരുന്നു വീണയെ സ്ഥാനാര്‍ഥിയാക്കിയത്.

അതേസമയം, പോസ്റ്ററുകള്‍ ആക്രികടയില്‍നിന്ന് കണ്ടെത്തിയതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഡിസിസി നിര്‍ദേശം നൽകി. മുതിര്‍ന്ന ഒരു ഡിസിസി വൈസ് പ്രസിഡന്റിനെയും ജനറല്‍ സെക്രട്ടറിയെയുമാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. വോട്ടെടുപ്പ് ദിവസം നന്ദന്‍കോട്ടെ ബൂത്ത് അലങ്കരിക്കാനായി വച്ചിരുന്ന പോസ്റ്ററായിരുന്നുവെന്നും അവരറിയാതെ ആരോ ആക്രിക്കടയില്‍ കൊടുത്തതാണെന്നുമാണ് മണ്ഡലം കമ്മിറ്റിയുടെ വിശദീകരണം. കടയില്‍ കൊണ്ടുപോയി വിറ്റ നന്ദന്‍കോട് സ്വദേശി ബാലുവിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7