കോവിഡ്– 19; കേരളം ഉൾപ്പെടെ 11 സംസ്ഥാനങ്ങളിലെ സ്ഥിതി ആശങ്കപ്പെടുത്തുന്നതെന്നു മുന്നറിയിപ്പ്

കേരളം ഉൾപ്പെടെ 11 സംസ്ഥാനങ്ങളിലെ കോവിഡ് സ്ഥിതി ആശങ്കപ്പെടുത്തുന്നതാണെന്നു കേന്ദ്ര സർക്കാർ മുന്നറിയിപ്പു നൽകി. ഈ സംസ്ഥാനങ്ങളിൽ വൈറസ് ബാധയും മരണവും വർധിക്കുന്ന സാഹചര്യമാണ് ഉള്ളത്. ഇതു പരിഗണിച്ച് കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ്ബ ഇന്നലെ ചീഫ് സെക്രട്ടറിമാരുടെയും പൊലീസ് മേധാവിമാരുടെയും അടിയന്തര യോഗം വിളിച്ചു. വൈറസ് ജനിതക ശ്രേണീകരണം വർധിപ്പിക്കണമെന്നു നിതി ആയോഗ് അംഗം ഡോ. വി.െക. പോൾ യോഗത്തിൽ നിർദേശിച്ചു.

ഇന്നലെ രാജ്യത്തു രേഖപ്പെടുത്തിയത് 6 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന കോവിഡ് നിരക്ക്. മൊത്തം 81,466 പേരാണു പോസിറ്റീവായത്. 2020 സെപ്റ്റംബറിൽ 97,000 കേസുകൾ രേഖപ്പെടുത്തിയതിനു ശേഷം ഇത്ര ഉയർന്ന നിരക്ക് ഇതാദ്യമാണ്.

കേരളത്തിനു പുറമേ, മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക, ഛത്തീസ്ഗഡ്, ചണ്ഡിഗഡ്, ഗുജറാത്ത്, മധ്യപ്രദേശ്, തമിഴ്നാട്, ഡൽഹി, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് വ്യാപനം ഏറെ. മാർച്ച് അവസാന രണ്ടാഴ്ചകളിലെ കണക്കു പരിഗണിക്കുമ്പോൾ 90% കേസുകളും മരണവും കേരളം ഉൾപ്പെടെ 11 സംസ്ഥാനങ്ങളിലാണ്. ഗ്രാമങ്ങളിലേക്കു വൈറസ് പടർന്നാൽ അപകടമേറും. കേസുകൾ 6.8% എന്ന നിരക്കിലാണ് മാർച്ചിൽ വർധിച്ചത്. മരണം 5.5% എന്ന നിരക്കിൽ വർധിക്കുന്നു.

പ്രതിരോധത്തിന് പുതിയ മാർഗരേഖ

കേരളം ഉൾപ്പെടെ 11 സംസ്ഥാനങ്ങൾക്ക് കോവിഡ് പ്രതിരോധത്തിന് കേന്ദ്രം നിർദേശിച്ച പുതിയ മാർഗരേഖ:

• സ്ഥിരീകരണ നിരക്ക് 5 ശതമാനത്തിൽ താഴെ നിർത്തണം.

• ആർടിപിസിആർ പരിശോധന 70ശതമാനത്തിനു മുകളിൽ ഉറപ്പാക്കണം.

• ആളുകൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ ആന്റിജൻ പരിശോധന.

• ആന്റിജൻ പരിശോധനയിൽ നെഗറ്റീവാകുന്നവരിൽ ലക്ഷണമുണ്ടെങ്കിൽ ആർടിപിസിആർ പരിശോധന.

• ഐസലേഷൻ നടപടി കർശനമാക്കുക.

• ഓരോ രോഗിയുമായി ബന്ധപ്പെട്ട 25–30 സമ്പർക്ക രോഗികളെ 72 മണിക്കൂറിനുള്ളിൽ ക്വാറന്റീൻ ചെയ്യണം.

• കണ്ടെയ്ൻമെന്റ് സോണുകൾ നിശ്ചയിച്ച് വ്യാപനത്തിന്റെ കണ്ണി മുറിക്കണം.

• ഐസിയു കിടക്കകളും വെന്റിലേറ്ററുകളും വർധിപ്പിക്കണം.

• ഓക്സിജൻ വിതരണം ഉറപ്പാക്കണം.

• ആംബുലൻസുകൾ സജ്ജമായിരിക്കണം.

• ഡൽഹി എയിംസിൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ ടെലി കൺസൾറ്റൻസി

• കോവിഡ് നിബന്ധന പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ പൊലീസ് ആക്ട്, ദുരന്ത നിവാരണ നിയമം ഉപയോഗിക്കുക.

• പരമാവധി പേർക്ക് വാക്സീൻ

Similar Articles

Comments

Advertismentspot_img

Most Popular