ചവറ: കൊല്ലം ജില്ലയിൽ കഴിഞ്ഞ തവണ എല്ലാ സീറ്റുകളും തൂത്തുവാരിയ എൽഡിഎഫിന് പക്ഷെ ഇത്തവണ തിരഞ്ഞെടുപ്പ് ഫലം തിരിച്ചടിയാകുമെന്നാണ് അവസാന ഘട്ട റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണ പ്രവർത്തനങ്ങൾ അവസാന ലാപ്പിലേക്ക് എത്തുമ്പോൾ കൊല്ലം ജില്ലയിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്.
ജില്ലയിലെ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്ന് ചവറ നിയോജക മണ്ഡലമാണ്. ആർഎസ്‌പി നേതാവും മുൻ തൊഴിൽമന്ത്രിയും, ബേബി ജോണിന്റെ രാഷ്ട്രീയ പിൻഗാമിയുമായ ഷിബു ബേബി ജോണും, കഴിഞ്ഞ നിയമസഭാ കാലയളവിൽ എംഎൽഎ ആയിരിക്കെ മരണപ്പെട്ട വിജയൻ പിള്ളയുടെ മകൻ സുജിത്ത് വിജയൻ പിള്ളയും തമ്മിലാണ് ചവറയിൽ ഇത്തവണ പ്രധാന മത്സരം നടക്കുന്നത്. സീരിയൽ താരം വിവേക് ഗോപനാണ് ബിജെപി സ്ഥാനാർഥി.
കടുത്ത മത്സരത്തിനുള്ള സാധ്യത മുന്നിൽ ഉള്ളപ്പോഴും അഭിപ്രായ സർവേകൾ പ്രകാരം യുഡിഎഫ് സ്ഥാനാർത്ഥി ഷിബു ബേബി ജോണിനാണ് വിജയ സാധ്യത കൂടുതൽ .
ആർ എസ് പി രാഷ്ട്രീയത്തിന് ശക്തമായ വേരുകൾ ഉള്ള ചവറ മണ്ഡലത്തിലെ എല്ലാ വോട്ടർമാരും തനിക്ക്
ചിരപരിചിതരാണെന്നതാണ് ഷിബു ബേബിജോണിന്റെ ആത്മവിശ്വാസം.
പുതുമുഖമാണെന്നതും,മുൻ എംഎൽഎ വിജയൻപിള്ളയുടെ മകനെന്ന നിലയിലുള്ള സഹതാപ തരംഗവും, സുജിത് വിജയൻ പിള്ളക്ക് അനുകൂല ഘടകമാണെന്നാണ് ചിലരെങ്കിലും അഭിപ്രായപ്പെടുന്നത്. ചവറയുടെ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിക്കുമ്പോൾ രാഷ്ട്രീയം തന്നെയാണ് ചവറയിൽ ജനവിധിയെ സ്വാധീനിക്കുന്ന പ്രധാന ഘടകം.
രണ്ടു പേരും വിദ്യാസമ്പന്നരായ സ്ഥാനാർഥികൾ തന്നെയാണ്. 1988 ൽ കൊല്ലം ടി.കെ.എം. കോളേജിൽ നിന്ന് എഞ്ചിനീയറിംഗ് ബിരുദം പൂർത്തിയാക്കിയ ഷിബു ബേബി ജോണിന് തൊഴിൽ മേഖലയിലെ വിദഗ്ധരുമായി അടുത്ത ബന്ധമാണുള്ളത്.
കഴിഞ്ഞ തവണ എംഎൽഎ ആയിരുന്ന വിജയൻ പിള്ള മണ്ഡലത്തിൽ ചെയ്ത കാര്യങ്ങൾ പറഞ്ഞു വോട്ടു പിടിക്കാനാണ് അദ്ദേഹത്തിന്റെ മകൻ കൂടിയായ എൽഡിഎഫ് സ്ഥാനാർത്ഥി സുജിത്ത് വിജയൻ പിള്ളയുടെ ശ്രമം. എന്നാൽ വിജയൻ പിള്ളക്ക് മണ്ഡലത്തിൽ കാര്യമായൊന്നും ചെയ്യാനായില്ല എന്ന് യുഡിഎഫ് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. അതെ സമയം ഷിബു ബേബിജോൺ മന്ത്രിയായിരുന്ന കാലത്ത് മണ്ഡലത്തിന്റെ വളർച്ചക്കായി കൊണ്ടുവന്ന ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട് ഓഫ് ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് കൺസ്ട്രക്ഷൻ ഉൾപ്പടെയുള്ള വൻകിട വികസന പദ്ധതികൾ വോട്ടർമാരെ സ്വാധീനിക്കും എന്ന വിലയിരുത്തലും യുഡിഎഫ് പ്രവർത്തകർക്കിടയിലുണ്ട്
കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിൽ നഷ്ടമായ മണ്ഡലം എന്ത് വിലകൊടുത്തും തിരിച്ച് പിടിക്കും എന്ന വാശിയിലാണ് യുഡിഎഫ് പ്രവർത്തകർ. ചവറയുടെ രാഷ്ട്രീയത്തെ നേരിട്ടറിയാവുന്ന ആളാണ് ഷിബു ബേബി ജോൺ. ജനപ്രതിനിധിയായും മന്ത്രിയായും എല്ലാം ദീർഘകാലം മണ്ഡലത്തിൽ പ്രവർത്തിച്ച് പരിചയമുള്ള ആളാണ്. അത് കൊണ്ട് തന്നെ കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട വിജയം ഇത്തവണ ഉറപ്പായും നേടും എന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം. ഏറ്റവും അവസാനം മലയാളത്തിലെ പ്രിയ താരം മോഹൻ ലാൽ തന്നെ സുഹൃത്തായ ഷിബു ബേബി ജോണിന് ആശംസ അറിയിച്ച് രംഗത്ത് വന്നതോടെ യുഡിഎഫ് പ്രവർത്തകരുടെ ആത്മവിശ്വാസം ഇരട്ടിച്ചിരിക്കുകയാണ്. എന്തായാലും ചവറയിലെ ജനങ്ങളുടെ മനസ്സ് ആരുടെ കൂടെ നിൽക്കുമെന്ന് അറിയാൻ ഒരു മാസം കൂടെ കാത്തിരിക്കണം.