ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 68,020 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒക്‌ടോബറിനു ശേഷം ആദ്യമായാണ് പ്രതിദിന കേസുകളില്‍ ഇത്രയേറെ വര്‍ധനവുണ്ടാകുന്നത്. 24 മണിക്കൂറിനുള്ളില്‍ 291 പേര്‍ രോഗം ബാധിച്ചു മരിച്ചു. രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1.2 കോടിയായി. 1,61,843 പേരാണ് ഇതുവരെ രോഗം ബാധിച്ചു മരിച്ചത്.
പുതുതായി റിപ്പോര്‍ട്ട് ചെയ്ത 68,020 കേസുകളില്‍ 40,414 എണ്ണവും മഹാരാഷ്ട്രയിലാണ്. 108 പേര്‍ മരിക്കുകയും ചെയ്തു. കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ ആലോചിക്കുകയാണ്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. കുറച്ചു ദിവസത്തേക്ക് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് മുഖ്യമന്ത്രിയുടെ പരിഗണനയിലാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വ്യാപനശൃംഖല മുറിക്കുന്നതിനായി 15 ദിവസത്തെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ ശിപാര്‍ശ. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പ്രഖ്യാപനം ഉണ്ടാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.
3.2 ലക്ഷം പേര്‍ക്കാണ് സംസ്ഥാനത്ത് ഇപ്പോള്‍ കോവിഡ് ഉള്ളത്. പുണെയില്‍ 62,000 പേര്‍ക്കും മുംബൈയില്‍ 44,000 പേര്‍ക്കും നാഗ്പുരില്‍ 42,000 പേര്‍ക്കും രോഗബാധയുണ്ട്. ഞായറാഴ്ച മാത്രം മുംബൈയില്‍ 6,933 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പുണെയില്‍ 8,364 പേര്‍ക്കും നാഗ്പുരില്‍ 3,999 പേര്‍ക്കും രോഗം ബാധിച്ചു. നാഗ്പുര്‍, ഔറംഗബാദ്, നാസിക് എന്നിവിടങ്ങളില്‍ ആശുപത്രികള്‍ പൂര്‍ണമായി നിറഞ്ഞുവെന്ന് അധികൃതര്‍ വ്യക്തമാക്കി. മുംബൈ, പുണെ എന്നിവിടങ്ങളും സമാനമായ അവസ്ഥയിലേക്കു നീങ്ങുകയാണ്. ഈ മാസം മാത്രം മഹാരാഷ്ട്രയില്‍ 5.58 ലക്ഷം പേര്‍ക്കാണു രോഗബാധയുണ്ടായത്. 2,000 പേര്‍ മരിച്ചു.
മഹാരാഷ്ട്രയ്ക്കു പുറമേ കേരളം, കര്‍ണാടകം, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളാണ് കോവിഡ് വ്യാപനം രൂക്ഷമാകുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളം, ബംഗാള്‍, അസം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ പ്രചാരണത്തിലെ ആള്‍ത്തിരക്ക് മൂലം രോഗവ്യാപനം വര്‍ധിക്കുമെന്നാണ് അധികൃതര്‍ ആശങ്കപ്പെടുന്നത്. 12 സംസ്ഥാനങ്ങളുമായും കേന്ദ്രഭരണപ്രദേശങ്ങളുമായും കേന്ദ്ര ആരോഗ്യസെക്രട്ടറി ശനിയാഴ്ച കൂടിക്കാഴ്ച നടത്തി രോഗവ്യാപനം കുറയ്ക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.