കോവിഡ് വ്യാപനം കൂടിയതിനെത്തുടര്‍ന്ന് മഹാരാഷ്ട്രയില്‍ ഞായറാഴ്ചമുതല്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം ഉടന്‍ പുറത്തിറക്കും. സംസ്ഥാനത്ത് മാളുകള്‍ രാത്രി എട്ടുമുതല്‍ രാവിലെ ഏഴുവരെ പ്രവര്‍ത്തിക്കരുതെന്നും നിര്‍ദേശമുണ്ട്.
ജില്ലാ അധികൃതരും ഉന്നതോദ്യോഗസ്ഥരുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് കര്‍ഫ്യൂ തീരുമാനം. വിവിധ ജില്ലകളില്‍ പ്രത്യേകനിയന്ത്രണങ്ങളും ഉണ്ടാകും. പാല്‍ഘര്‍ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ ജില്ലാ അധികൃതര്‍ തീരുമാനിച്ചു. ഏപ്രില്‍ അഞ്ചുമുതല്‍ ഷോപ്പിങ് മാളുകള്‍ വൈകീട്ട് ഏഴിന് അടയ്ക്കണം. ഏപ്രില്‍ 15 മുതലുള്ള വിവാഹങ്ങള്‍ മുഴുവന്‍ റദ്ദാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഒരറിയിപ്പുണ്ടാകുന്നതുവരെ വിവാഹങ്ങള്‍ നടത്തരുത്. െറസ്റ്റോറന്റുകള്‍ രാത്രി ഒമ്പതുവരെ മാത്രമേ തുറക്കാവൂ. പാര്‍സലുകള്‍ രാത്രി പത്തുവരെ നല്‍കാം.
ഹോളി ആഘോഷ ദിവസമായ തിങ്കളാഴ്ച ചന്തകളും ഹോട്ടലുകളും റെസ്റ്റോറന്റുകളും തുറക്കരുതെന്ന നിര്‍ദേശവും നഗരസഭ പുറപ്പെടുവിച്ചിട്ടുണ്ട്. പുണെയില്‍ കോവിഡ് വ്യാപനം ഒരാഴ്ചയ്ക്കുള്ളില്‍ നിയന്ത്രണ വിധേയമായില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്ന് പുണെ രക്ഷാധികാരി മന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി അജിത് പവാര്‍ വ്യക്തമാക്കി. അതേസമയം, സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ എടുത്തവരുടെ എണ്ണം 52 ലക്ഷം കവിഞ്ഞു. വെള്ളിയാഴ്ച 2,14,123 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാക്‌സിനേഷന്‍ സെന്ററുകളും സംസ്ഥാനത്ത് പലയിടത്തായി തുറന്നിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇത് വലിയ ആശ്വാസമായിട്ടുണ്ട്.