ശോഭാ സുരേന്ദ്രനെ കാലുവരിയാൽ കെ. സുരേന്ദ്രൻ തെറിക്കും

തിരുവനന്തപുരം : ദേശീയ നേതൃത്വത്തിന്റെ പിന്തുണയോടെ കഴക്കൂട്ടത്തു സ്‌ഥാനാര്‍ഥിത്വം പിടിച്ചുവാങ്ങിയ ശോഭാ സുരേന്ദ്രനെ പാലം വലിച്ചാല്‍ തെരഞ്ഞെടുപ്പിനു ശേഷം സംസ്‌ഥാന ബി.ജെ.പി. നേതൃത്വത്തെ വെട്ടിനിരത്തും. കാലുവാരിയാല്‍ ശക്‌തമായ നടപടിയുണ്ടാകുമെന്നു മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു. നേതാക്കളെയടക്കം നിരീക്ഷണത്തിലാക്കി. ശോഭയ്‌ക്കായി ആര്‍.എസ്‌.എസും മണ്ഡലത്തില്‍ സജീവമാകും.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷായുടെ നിര്‍ദേശാനുസരണം സംസ്‌ഥാന ബി.ജെ.പിയുടെ ചുമതലയുള്ള കേന്ദ്രമന്ത്രി പ്രഹ്ലാദ്‌ ജോഷി, പ്രഭാരി സി.പി. രാധാകൃഷ്‌ണന്‍ എന്നിവര്‍ മണ്ഡലത്തിന്റെ മേല്‍നോട്ടം നിര്‍വഹിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താല്‍പ്പര്യത്തോടെ ശോഭ നേടിയ കഴക്കൂട്ടം ദേശീയ നേതൃത്വത്തിന്‌ ഏറെ പ്രാധാന്യമുള്ള മണ്ഡലമാണ്‌.

ശോഭയ്‌ക്കെതിരായ നീക്കം നടത്തുന്നവര്‍ക്കെതിരേ ശക്‌തമായ നടപടിയുണ്ടാകും.
ശോഭയെ വെട്ടാനായി യൂത്ത്‌ കോണ്‍ഗ്രസ്‌ മുന്‍ നേതാവിനെയാണു കഴക്കൂട്ടം സ്‌ഥാനാര്‍ഥിയായി മണ്ഡലത്തിലേക്കു സ്‌ഥാന നേതാക്കള്‍ കണ്ടുവച്ചിരുന്നത്‌. അപ്രതീക്ഷിത സ്‌ഥാനാര്‍ഥിയെത്തുമെന്ന സൂചന ഇതിന്റെ ചുവടുപിടിച്ചായിരുന്നു. എന്നാല്‍, ഈ നേതാവിനു ബി.ജെ.പി. ദേശീയ നേതൃത്വത്തിന്റെ അംഗീകാരം ലഭിച്ചില്ല. അതോടെ ബി.ഡി.ജെ.എസ്‌. നേതാവ്‌ തുഷാര്‍ വെള്ളാപ്പള്ളിയെ മത്സരിപ്പിക്കാന്‍ ശ്രമമുണ്ടായെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറി.

ഇതിനിടെ, അമിത്‌ ഷായുടെ കേരള സന്ദര്‍ശനത്തിനിടെ അദ്ദേഹത്തിന്റെ നിര്‍ദേശാനുസരണം ശോഭ സജീവമായി പൊതുരംഗത്തിറങ്ങി. പ്രധാനമന്ത്രിയെ നേരിട്ടു കണ്ടും സ്‌ഥാനാര്‍ഥിത്വത്തിനു പിന്തുണ നേടി. മത്സരിച്ചിടത്തെല്ലാം പ്രതീക്ഷിക്കുന്നതിന്റെ മൂന്നിരട്ടി വോട്ട്‌ നേടിയ ചരിത്രവും ശോഭയെ ദേശീയ നേതൃത്വത്തിന്റെ പ്രിയങ്കരിയാക്കി.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചില്ലെങ്കിലും ശോഭ വോട്ട്‌ വാരിക്കൂട്ടി. തൃശൂരില്‍ സുരേഷ്‌ ഗോപിയും പത്തനംതിട്ടയില്‍ കെ. സുരേന്ദ്രനും ശേഷം ഏറ്റവും കൂടുതല്‍ വോട്ട്‌ അധികമായി നേടിയ ബി.ജെ.പി. നേതാവായി ശോഭാ സുരേന്ദ്രന്‍. വലിയ ബഹളമോ പണക്കൊഴുപ്പോ ഇല്ലാതെ ജനങ്ങള്‍ക്കിടയിലേക്കു നേരിട്ടിറങ്ങുന്ന ശൈലിയിലുടെ അവര്‍ സാധാരണക്കാരുടെ മനം കവര്‍ന്നു. അതാണു കഴക്കൂട്ടത്ത്‌ ത്രികോണപ്പോരിനു ചൂടു കൂട്ടുന്നത്‌. ഇന്നു മുതല്‍ അവര്‍ കഴക്കൂട്ടത്തു സജീവ സാന്നിധ്യമാകും.

ഇടതു സ്‌ഥാനാര്‍ഥിയായ മന്ത്രി കടകംപള്ളി സുരേന്ദ്രനും യു.ഡി.എഫിലെ ഡോ. എസ്‌.എസ്‌. ലാലും കളത്തിലിറങ്ങിയിട്ടു ദിവസങ്ങളായി. തുടക്കത്തില്‍ പിന്നിലായെങ്കിലും ദേശീയ നേതാക്കളടക്കം ശോഭയുടെ വിജയത്തിനായി മണ്ഡലത്തിലുണ്ടാകും. സ്‌ഥാനാര്‍ഥി പ്രഖ്യാപനത്തിനു മുമ്ബ്‌, ചൊവ്വാഴ്‌ച രാത്രിയില്‍ത്തന്നെ ശോഭയ്‌ക്കു വേണ്ടിയുള്ള ചുവരെഴുത്തുകള്‍ നിറഞ്ഞുകഴിഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7