പഴയ വാഹനങ്ങൾ പൊളിച്ചുനീക്കുന്നതിനുള്ള കേന്ദ്ര സർക്കാരിൻ്റെ പൊളിക്കൽ നയവുമായി ബന്ധപ്പെട്ട് പുതിയ പ്രഖ്യാപനവുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. സ്ക്രാപ്പേജ് പോളിസി പ്രകാരം പഴയ വാഹനങ്ങൾ പൊളിക്കാൻ നൽകിയാൽ പുതിയ വാഹനം വാങ്ങുമ്പോൾ വിലയിൽ അഞ്ച് ശതമാനം ഇളവ് നൽകുമെന്നാണ് നിതിൻ ഗഡ്കരിയുടെ പ്രഖ്യാപനം.
വാഹനം പൊളിക്കൽ നയത്തിന്റെ ഭാഗമായി തുറമുഖങ്ങളോട് ചേർന്ന് റീസൈക്കിളിംഗ് യൂണിറ്റുകൾ സ്ഥാപിക്കാൻ കേന്ദ്രസർക്കാർ നിർദേശം നൽകിയിരുന്നു. ഇതിനായി തുറമുഖങ്ങളുടെ ആഴം 18 മീറ്ററിൽ അധികം കൂട്ടും. എന്നാൽ, ശാസ്ത്രീയമായ പഠനങ്ങൾ കൂടാതെയുള്ള തീരുമാനം പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് വിമർശനം ഉയർന്നിട്ടുണ്ട്.
പഴയ വാഹനങ്ങൾ പൊളിച്ചുനീക്കുന്നതിനുള്ള പൊളിക്കൽ നയം ആണ് കേന്ദ്ര സർക്കാർ തയാറാക്കിയത്. നിശ്ചിത വർഷം പഴക്കമുള്ള വാഹനങ്ങൾ പൊളിക്കുന്നതിനുള്ള നയത്തിന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം അംഗികാരം നൽകി. ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി പ്രാബല്യത്തിലാകുന്നതോടെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയെ ലോകത്തെ മുൻ നിര വാഹന നിർമാണ ഹബ്ബ് ആക്കി മാറ്റാൻ പദ്ധതി ലക്ഷ്യമിടുന്നു.
വോളന്ററി വെഹിക്കിൾ സ്ക്രാപ്പിംഗ് പോളിസി എന്ന പേരിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. 20 വർഷങ്ങൾ പൂർത്തീകരിക്കുന്ന എല്ലാ സ്വകാര്യ വാഹനങ്ങളും ഫിറ്റ്നെസ്ടെസ്റ്റിന് വിധേയരാകണം. വാണിജ്യ ഗതാഗതത്തിന്റെ കാര്യത്തിൽ ഈ കലാവാധി 15 വർഷമാണ്. പദ്ധതി പ്രകാരം മൂന്ന് തവണയിൽ കൂടുതൽ വാഹനം ഫിറ്റ്നെസ് ടെസ്റ്റിൽ തോറ്റാൽ വാഹനം നർബന്ധിതമായും റോഡിൽ നിന്ന് ഒഴിവാക്കും.