പ്രവാസികളെ ഓട്ടോയില്‍ കയറ്റി വീട്ടിലെത്തിച്ചു; പുലിവാല് പിടിച്ച് ഓട്ടോ തൊഴിലാളികള്‍…

സാമൂഹിക അകലം പാലിക്കുന്നതിന് ഓട്ടോ -ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് പ്രത്യേകം നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇളവുകള്‍ കൂടുതല്‍ ലഭിച്ചതോടെ വാഹനങ്ങള്‍ കൂടുതല്‍ നിരത്തിലിറങ്ങി. ഓരോ ദിവസവും ജീവന്‍പണയം വച്ചാണ് ഡ്രൈവര്‍മാര്‍ ട്രിപ്പ് പോകുന്നത്. ഇങ്ങനെ പല സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇന്നലെ കൊച്ചിയില്‍ ഉണ്ടായ ഒരു സംഭവമാണ് ഇവിടെ പറയുന്നത്.

പൊലീസ് നിര്‍ബന്ധത്തെത്തുടര്‍ന്നു വൈറ്റില ഹബില്‍ നിന്നു പ്രവാസികളെ വീട്ടിലെത്തിക്കേണ്ടി വന്ന 2 ഓട്ടോറിക്ഷാ തൊഴിലാളികള്‍ ഇപ്പോള്‍ തൊഴില്‍ ചെയ്യാനാവാതെ പുലിവാല് പിടിച്ചു. പ്രവാസികളെ ഓട്ടോയില്‍ കയറ്റിയതിനാല്‍ തൊഴിലാളികള്‍ക്കു സ്റ്റാന്‍ഡ് വിലക്കും ക്വാറന്റീനും ആണ് ഇപ്പോള്‍. നാട്ടിലും ജോലി സ്ഥലത്തും ഒറ്റപ്പെടുത്തല്‍ നേരിടേണ്ടി വന്ന വൈറ്റില, തൃപ്പൂണിത്തുറ സ്വദേശികളായ ഡ്രൈവര്‍മാര്‍ പ്രതിസന്ധിയിലാണ്. ഇന്നലെ വൈകിട്ടാണു പൊലീസ് അകമ്പടിയോടെ വൈറ്റില ഹബിലേക്കു കെഎസ്ആര്‍ടിസി ബസില്‍ പ്രവാസികളെ എത്തിച്ചത്. യാത്രക്കാരില്‍ 2 പേരെ കോതമംഗലത്തേക്കും ഒരാളെ ഞാറയ്ക്കലിലേക്കും എത്തിക്കാന്‍ ഓട്ടോ ഡ്രൈവര്‍മാരോടു പൊലീസ് നിര്‍ദേശിച്ചു.

എന്നാല്‍, സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇവര്‍ അതിനു തയാറായില്ല. തുടര്‍ന്നു സ്ഥലത്തുണ്ടായിരുന്ന പനങ്ങാട് പ്രൊബേഷന്‍ എസ്‌ഐ പ്രവാസികളെ വീടുകളിലെത്തിക്കാന്‍ നിര്‍ബന്ധിക്കുകയും ഇവരുടെ ഓട്ടോയില്‍ കയറ്റി വിടുകയുമായിരുന്നു. പ്രവാസികളെല്ലാം കോവിഡ് പരിശോധന നടത്തി നെഗറ്റീവ് ആയതാണെന്നും ഒന്നും പേടിക്കാനില്ലെന്നുമാണ് എസ്‌ഐ ഓട്ടോ ഡ്രൈവര്‍മാരോടു പറഞ്ഞത്.

എന്നാല്‍, പ്രവാസികളെ സ്വന്തം വീടുകളിലെത്തിച്ചു മടങ്ങിവരും വഴി ഓട്ടോ സ്റ്റാന്‍ഡിലെ യൂണിയന്‍ പ്രതിനിധികള്‍ ഡ്രൈവര്‍മാരെ ഫോണില്‍ വിളിച്ചു സ്റ്റാന്‍ഡില്‍ പ്രവേശിക്കരുതെന്നും ക്വാറന്റീനില്‍ പോകണമെന്നും ആവശ്യപ്പെട്ടു. ഡ്രൈവര്‍മാരുടെ വീടുകളിലുള്ളവരെയും നാട്ടുകാരെയും യൂണിയന്‍ നേതാക്കള്‍ വിവരം അറിയിക്കുകയും ചെയ്തു. ഇതോടെ ഇരുവര്‍ക്കും സ്വന്തം വീടുകളിലേക്കും മടങ്ങാനാവാതായി. ഡ്രൈവര്‍മാര്‍ 2 പേരും പനങ്ങാട് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും പ്രവാസികളെ നിര്‍ബന്ധിച്ച് ഓട്ടോയില്‍ കയറ്റിവിട്ട പ്രൊബേഷന്‍ എസ്‌ഐ അടക്കം കൈമലര്‍ത്തി.

വൈറ്റില തങ്ങളുടെ അധികാര പരിധിയിലല്ലെന്നും കടവന്ത്ര പൊലീസിനു പരാതി നല്‍കാനുമായിരുന്നു ഇവിടെ നിന്നു ലഭിച്ച നിര്‍ദേശം. വീടുകളിലേക്കു മടങ്ങാനാകാതെ ഓട്ടോയില്‍ത്തന്നെ തുടരേണ്ട ഗതികേടിലാണ് ഇപ്പോള്‍ െ്രെഡവര്‍മാര്‍. ഇതില്‍ ഒരു ഡ്രൈവറുടേതു സ്വന്തം ഓട്ടോയാണെങ്കില്‍ മറ്റേയാള്‍ വാടകയ്ക്കു വാഹനം എടുത്ത് ഓടിക്കുന്നയാളാണ്. മുതിര്‍ന്ന പൗരനായ ഇദ്ദേഹം ഒരു മാസത്തോളം പരിശ്രമിച്ച ശേഷമാണു വാടകയ്ക്ക് ഓടാന്‍ ഓട്ടോറിക്ഷ ലഭിച്ചത്.

ഇതിനു മുന്‍പും പൊലീസിന്റെ വാക്കു കേട്ടു പ്രവാസികള്‍ക്കു സവാരി ഒരുക്കിയ ഓട്ടോ ഡ്രൈവര്‍ക്ക് ‘പണി കിട്ടിയ’ സംഭവം ഉണ്ടായിട്ടുണ്ടെന്നു സ്ഥലം കൗണ്‍സിലര്‍ പറയുന്നു. മുന്‍പു പ്രവാസികളെ വീട്ടിലെത്തിച്ച ഓട്ടോ ഡ്രൈവര്‍ ഇപ്പോള്‍ വീട്ടു ക്വാറന്റീനിലാണ്. ഇയാള്‍ക്കു 14 ദിവസത്തേക്കുള്ള എല്ലാ സജ്ജീകരണങ്ങളും കൗണ്‍സിലറുടെ നേതൃത്വത്തില്‍ ഒരുക്കിയിരുന്നു.

ആരുടെ നിര്‍ദേശ പ്രകാരമായാലും സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ പ്രവാസികളെ വാഹനത്തില്‍ കയറ്റുന്ന സാഹചര്യം ഒഴിവാക്കാന്‍ ഓട്ടോ സ്റ്റാന്‍ഡില്‍ നിര്‍ദേശം നല്‍കിയിരുന്നതാണ്. എന്നാല്‍, പൊലീസിന്റെ കടുംപിടിത്തവും നിരുത്തരവാദ നിലപാടുമാണ് ഓട്ടോ ഡ്രൈവര്‍മാരെ പ്രതിസന്ധിയിലാക്കുന്നതെന്നു വൈറ്റില ഡിവിഷന്‍ കൗണ്‍സിലര്‍ പി.എസ്. ഷൈന്‍ പറയുന്നു.

follow us: PATHRAM ONLINE LATEST NEWS

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7