പൊതുജനങ്ങള്‍ക്ക് ഇന്നുമുതൽ വാക്സീന്‍; ഇഷ്ടമുള്ള കേന്ദ്രവും ദിവസവും തിരഞ്ഞെടുക്കാം

സംസ്ഥാനത്ത് 60 വയസ് കഴിഞ്ഞവരുടേയും 45 നു മുകളില്‍ പ്രായമുളള ഗുരുതരരോഗികളുടേയും റജിസ്ട്രേഷനും വാക്സിനേഷനും ഇന്ന് തുടങ്ങും. 9 മണിമുതല്‍ കൊവിന്‍ പോര്‍ട്ടല്‍, ആരോഗ്യസേതു ആപ്പുകള്‍ വഴി പൊതുജനങ്ങള്‍ക്ക് റജിസ്ററര്‍ ചെയ്യാം. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായ വാക്സിനേഷന് സ്വകാര്യ ആശുപത്രികളില്‍ 250 രൂപ നല്കണം.

www.cowin.gov.in എന്ന പോര്‍ട്ടല്‍ വഴിയോ ആരോഗ്യസേതു ആപ്പ് വഴിയോ അവരവര്‍ക്ക് ഇഷ്ടമുളള വാക്സിനേഷന്‍ കേന്ദ്രവും തീയതിയും സമയവും സ്വയം തിരഞ്ഞെടുക്കാം.അക്ഷയ കേന്ദ്രങ്ങളിലെത്തിയും റജിസ്ററര്‍ ചെയ്യാം. ഫോട്ടോ ഐഡികാര്‍ഡിലുളള വിവരങ്ങള്‍ നല്കണം. ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് നാലുപേര്‍ക്ക് വരെ റജിസ്ററര്‍ ചെയ്യാം.

വാക്സിനേഷന്‍ സമയംവരെ വിവരങ്ങള്‍ എഡിററ് ചെയ്യാനാകും. റജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ ടോക്കണ്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം. നൽകിയിരിക്കുന്ന മൊബൈല്‍ നമ്പറില്‍ സമയവും സ്ഥലവുമെല്ലാം സന്ദേശമായെത്തും.

ആദ്യ ഡോസ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ രണ്ടാം ഡോസിനുളള തീയതിയും ലഭിക്കും. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ പോകുമ്പോള്‍ ആധാര്‍ കാര്‍ഡോ മറ്റേതെങ്കിലും അംഗീകൃത ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ രേഖയോ കരുതണം. 45 വയസ് മുതല്‍ 59 വയസ് വരെയുള്ളവരാണെങ്കില്‍ റജിസ്ററര്‍ ചെയ്ത ഡോക്ടര്‍ ഒപ്പിട്ട ഗുരുതര അസുഖമുണ്ടെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ സമര്‍പ്പിക്കണം. കോവിഷീല്‍ഡ് വാക്സീന്റെ നാലു ലക്ഷം ഡോസാണ് സംസ്ഥാനത്തെത്തിച്ചിരിക്കുന്നത്. 50 ലക്ഷത്തിലേറെപ്പേര്‍ രണ്ടാംഘട്ടത്തില്‍ ഗുണഭോക്താക്കളാകും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7