ന്യൂഡല്‍ഹി: മന്ത്രാലയങ്ങളിലെയും സര്‍ക്കാര്‍ വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ക്ക് ഇലക്ട്രിക് വാഹനം നിര്‍ബന്ധമാക്കുന്നതിനെ കുറിച്ച് കേന്ദ്രം ആലോചിക്കുന്നതായി ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. വീടുകളിലെ വൈദ്യുതി ഉപയോഗിച്ചുള്ള പാചക ഉപകരണങ്ങള്‍ക്ക് സബ്സിഡി നല്‍കുമെന്നും ഗോ ഇലക്ട്രിക് പ്രചാരണ പരിപാടിക്ക് തുടക്കമിട്ടുകൊണ്ട് ഗഡ്കരി പറഞ്ഞു.
നമ്മള്‍ നിലവില്‍ പാചക വാതകത്തിന് സബ്സിഡി നല്‍കുന്നു. ഇലക്ട്രിക് പാചക ഉപകരണങ്ങള്‍ക്ക് എന്തുകൊണ്ട് സബ്സിഡി ആയിക്കൂടാ – ഗഡ്കരി ചോദിച്ചു. മലനീകരണം പരമാവധി ഒഴിവാക്കുന്നതും ഗ്യാസിന്റെ ഇറക്കുമതിയോടുള്ള ആശ്രിതത്വം കുറയ്ക്കാന്‍ സഹായിക്കുന്നതുമാണ് വൈദ്യുതി ഉപയോഗിച്ചുള്ള പാചകം.
എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഇലക്ട്രിസ് വാഹനം നിര്‍ബന്ധമാക്കണം. ഓഫീസിലെ ഉദ്യോഗസ്ഥരെ ഇലക്ട്രിക് വാഹനം ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാക്കാന്‍ ഊര്‍ജ്ജ സഹ മന്ത്രി ആര്‍.കെ. സിംഗിനോട് അഭ്യര്‍ത്ഥിച്ച ഗഡ്കരി തന്റെ ഓഫീസിലും സമാന നടപടി സ്വീകരിക്കുമെന്നും ഉറപ്പു നല്‍കി. ഡല്‍ഹിയില്‍ മാത്രം 10000 ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ മാസംതോറും 30 കോടി രൂപ ലാഭിക്കാന്‍ സാധിക്കുമെന്നും ഗഡ്കരി ചൂണ്ടിക്കാട്ടി.
ഡല്‍ഹിയില്‍ നിന്ന് ആഗ്രയിലേക്കും ജയ്പൂരിലേക്കും ഫ്യുവല്‍ സെല്‍ ഉപയോഗിച്ച് ഓടുന്ന ബസ് സര്‍വീസ് തുടങ്ങുമെന്ന് ആര്‍.കെ. സിംഗ് അറിയിച്ചു.