തിരുവനന്തപുരം: കെ.എസ്.യുവിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസും കെ.എസ്.യു പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. നിരവധി പ്രവർത്തകര്‍ക്ക് പരിക്കേറ്റു.
സെക്രട്ടറിയേറ്റിന്റെ മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ച കെ.എസ്.യു പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. പോലീസിനു നേരെ കെ.എസ്.യു പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. സമരപന്തലിലുണ്ടായിരുന്ന കസേരയും ബക്കറ്റുമെടുത്ത് സെക്രട്ടറിയേറ്റ് വളപ്പിനുള്ളിലെ പോലീസുകാര്‍ക്ക് നേരെ വലിച്ചെറിഞ്ഞു. തുടര്‍ന്ന് പോലീസ് ലാത്തിവീശുകയായിരുന്നു. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിനും നിരവധി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. വൈസ് പ്രസിഡന്റ് സ്‌നേഹ ഉള്‍പ്പെടെയുള്ള വനിതാ പ്രവര്‍ത്തര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
സമാധാനപരമായി മാര്‍ച്ച് അവസാനിപ്പിച്ച് തിരിച്ചുപോവാന്‍ നോക്കുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് കെ.എസ്.യു നേതാക്കള്‍ ആരോപിച്ചു. നെയിം ബോര്‍ഡ് പോലുമില്ലാത്ത പോലീസുകാരാണ് പ്രവര്‍ത്തകരെ ആക്രമിച്ചത്. അവര്‍ യഥാര്‍ഥ പോലീസല്ലെന്നും യൂണിഫോം ധരിച്ചെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്നും നേതാക്കള്‍ പറഞ്ഞു.