ഇന്ത്യയുടെ ഒരുതരി മണ്ണ് വിട്ടുകൊടുത്തിട്ടില്ല; ചൈന ആകെ നേടിയത് പേരുദോഷം മാത്രം

ന്യുഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ സൈനിക പിന്മാറ്റത്തിന്റെ പേരില്‍ ഇന്ത്യയുടെ ഒരുതരി മണ്ണ് ചൈനയ്ക്ക് വിട്ടുകൊടുത്തിട്ടില്ലെന്ന് ഉത്തര മേഖല കമാന്‍ഡിംഗ് ചീഫ് ഓഫ് ആര്‍മി ചുമതലയുള്ള ലഫ്. ജനറല്‍ വൈ.കെ ജോഷി. കടന്നുകയറ്റത്തിലൂടെ ചൈന ആകെ നേടിയത് പേരുദോഷംമാത്രമാണ്. 2020 ജൂണില്‍ ഗല്‍വാനിലുണ്ടായ സൈനിക സംഘര്‍ഷത്തില്‍ 45 സൈനികരേയും ചൈനയ്ക്ക് നഷ്ടമായെന്ന് ലഫ.ജനറല്‍ ജോഷി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

പാങോംഗിലെ സൈനിക പിന്മാറ്റം വളരെ നല്ല രീതിയില്‍ നടക്കുകയാണ്. പിന്മാറ്റ നടപടികള്‍ ഫെബ്രുവരി 10ന് തന്നെ ആരംഭിച്ചിരുന്നു. നാല് ഘട്ടങ്ങളായാണ് അത് നടപ്പാക്കുക. ഓരോ ദിവസത്തെയും നടപടികള്‍ പരസ്പരം കൈമാറുകയും നിരീക്ഷിക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സൈനിക പിന്മാറ്റ നടപടിയോട് ചൈന ആത്മാര്‍ത്ഥമായി പ്രതികരിക്കുന്നുണ്ട്. മുന്‍പ് തീരുമാനിച്ച പ്രകാരമാണ് ധാരണ ഒപ്പുവച്ച ഫെബ്രുവരി 10ന് പിന്മാറ്റം ആരംഭിക്കാന്‍ കഴിഞ്ഞതും. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ അവസാനം മുതല്‍ ഫിംഗര്‍ 4നും ഫിംഗര്‍ 8നുമിടയില്‍ ചൈന സ്ഥാപിച്ച പോസ്റ്റുകള്‍ മുഴുവന്‍ നീക്കിക്കൊണ്ടിരിക്കുകയാണ്. അവരുടെ ബങ്കറുകളും ടെന്റുകളും പൂര്‍ണ്ണമായും നീക്കി. 2020 ഏപ്രിലിനു മുന്‍പുണ്ടായിരുന്ന നിലയിലേക്ക് എല്ലാം പുനഃസ്ഥാപിച്ചു. ഇന്ത്യ അവകാശം ഉന്നയിക്കുന്ന മേഖലയില്‍ ഒരു നിര്‍മ്്മാണവും നടത്താനാവില്ല. അത് വലിയ വിജയമാണ്. നാം അവകാശവാദമുന്നയിക്കുന്ന മേഖലയില്‍ നിന്ന് എല്ലാ നിര്‍മ്മാണങ്ങളും പിന്‍വലിക്കും. നടപടികള്‍ എല്ലാം പൂര്‍ത്തിയാക്കിയ ശേഷം പുതിയ പ്രോട്ടോക്കോളും പട്രോളിംഗ് നയവും കൊണ്ടുവരുമെന്നും ലഫ.ജനറല്‍ വൈ.കെ ജോഷി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular