ശബരിമല: നിലപാട് പിന്‍വലിച്ച് എം.എ.ബേബി; പ്രചാരണം പാർട്ടിയുടെ നിലപാടല്ലെന്ന്

തിരുവന്തപുരം: ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് സർക്കാർ പുതിയ സത്യവാങ്മൂലം നല്‍കുമെന്ന നിലപാട് പിന്‍വലിച്ച് സിപിഎം പി.ബി.അംഗം എം.എ.ബേബി. സത്യവാങ്മൂലം കൊടുക്കുന്നു എന്ന നിലയില്‍ താന്‍ പറഞ്ഞുവെന്ന പ്രചാരണം തന്റെയോ പാര്‍ട്ടിയുടെയോ കാഴ്ചപ്പാടല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സുപ്രീംകോടതി ഇക്കാര്യത്തില്‍ വിധി പ്രസ്താവിക്കുമ്പോള്‍ ഇടത് സര്‍ക്കാരാണ് ഭരണത്തിലുളളതെങ്കില്‍ വിധി നടപ്പാക്കുന്നതിലെ പ്രായോഗിക പ്രശ്‌നങ്ങള്‍ ഞങ്ങള്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യും. പാര്‍ട്ടിപരമായ നിലപാടോ കാഴ്ചപ്പാടോ ബലംപ്രയോഗിച്ച് നടപ്പാക്കുകയില്ല. സാമൂഹിക സമവായമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം വരുന്ന സമയത്ത് ആവശ്യമെങ്കില്‍ പുതിയ സത്യവാങ്മൂലം നല്‍കാന്‍ തയ്യാറെന്ന് എം.എ.ബേബി വ്യക്തമാക്കിയിരുന്നു. ഇത് വിവാദമായ സാഹചര്യത്തിലാണ് ബേബി നിലപാട് മാറ്റിയത്. ഇക്കാര്യത്തിൽ തിരുത്തൽ വരുത്താൻ പാർട്ടി ബേബിയോട് ആവശ്യപ്പെട്ടതായാണ് സൂചന.

ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോകുന്നതെന്നും ബേബി പിന്നീട് വ്യക്തമാക്കി. ദുരിതങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ എങ്ങനെ ഒരു സര്‍ക്കാര്‍ പ്രവര്‍ത്തിച്ചു എന്നാണ് ചര്‍ച്ച നടക്കുക. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇത് സംഭവിച്ചു. എന്നാല്‍ ഇതില്‍ നിന്ന് ശ്രദ്ധ വ്യതിചലിപ്പിക്കാന്‍ ഒരു ശ്രമം നടക്കുന്നുണ്ട്. ആ നിലയിലാണ് ശബരിമലയുമായി ബന്ധപ്പെട്ട് നിയമനിര്‍മാണം നടത്തുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചത്. ബി.ജെ.പി.യും അതിനോട് പ്രതികരിച്ചു.

ഈ ഘട്ടത്തില്‍ ഇടതുപക്ഷവും പ്രതികരിക്കാന്‍ ബാധ്യസ്ഥരായി. ഇക്കാര്യം സുപ്രീംകോടതിയുടെ വിശാല ബെഞ്ച് പരിഗണിക്കാന്‍ ഇരിക്കുമ്പോള്‍ ഒരു സംസ്ഥാന നിയമസഭയില്‍ തങ്ങള്‍ അക്കാര്യത്തില്‍ നിയമം കൊണ്ടുവരാന്‍ പോകുന്നു എന്നുളളത് മൗഢ്യമാണ്.അതാണ് യുഡിഎഫ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. അതിനോട് പ്രതികരിച്ച് എല്‍ഡിഎഫിന് പറയാനുളളത് ജനങ്ങളുടെ പ്രശ്‌നങ്ങളാണ് തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യാനുളളതെന്നാണ്. വിശാലബെഞ്ച് യുവതിപ്രവേശവുമായി ബന്ധപ്പെട്ട വിഷയം എങ്ങനെ പരിഗണിക്കാന്‍ പോകുന്നു എന്നറിയാതെ മുന്‍കൂട്ടി ഇതേക്കുറിച്ച് ചിന്തിക്കാനാവില്ല. ബേബി പറഞ്ഞു.

സുപ്രീംകോടതിയുടെ വിധി വന്നിട്ട് അത് നടപ്പാക്കുന്നത് സംബന്ധിച്ച് ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് സാമൂഹിക സമവായം ഉണ്ടാക്കും. വിധി നടപ്പാക്കുന്നത് സാമൂഹിക സംഘര്‍ഷത്തിന് വഴിവെച്ചുകൂട എന്നാണ് സിപിഎമ്മിന്റെ നിലപാട്. അദ്ദേഹം വ്യക്തമാക്കി.

#latest_news #kerala_News #latest_updates #latest_malayalam_News #cinema_Updates #movie_news #film_updates #kerala_politics #crime_News_Kerala #todays_kerala_news #pathram_online_news #pathram_online_com #gulf_news #latest_indian_news #world_updates #stock_market #pathram_News_live #malayalam_news_live

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7