ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ രാജ്യതലസ്ഥാനത്ത് കര്‍ഷകര്‍ സംഘടിപ്പിച്ച ട്രാക്ടര്‍ പരേഡിനിടെ ചെങ്കോട്ടയിലുണ്ടായ സംഘര്‍ഷത്തിലെ പ്രധാന പ്രതിയായ പഞ്ചാബി നടന്‍ ദീപ് സിദ്ദു അറസ്റ്റില്‍. ഗായകന്‍ കൂടിയായ ദീപ് സിദ്ദു ചെങ്കോട്ടയില്‍ നടന്ന സംഘര്‍ഷങ്ങള്‍ക്ക് ശേഷം ഒളിവില്‍പോയിരുന്നു.
ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ പുലര്‍ച്ചെയാണ് ദീപ് സിദ്ദുവിനെ പിടികൂടിയത്. ചണ്ഡീഗഢിനും അംബാലയ്ക്കുമിടയിലെ സിറക്പുരിലാണ് സിദ്ദു അറസ്റ്റിലായതെന്നാണ് വിവരം. ചെങ്കോട്ട സംഘര്‍ഷങ്ങളുടെ പേരില്‍ അറസ്റ്റിലായവരുടെ എണ്ണം ഇതോടെ 128 ആയി.
റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ പ്രതിഷേധ സൂചകമായി നടത്തിയ ട്രാക്ടര്‍ റാലിക്കിടെ സിദ്ദുവിന്റെ പ്രേരണയിലും നേതൃത്വത്തിലുമാണ് ഒരു സംഘം ചെങ്കോട്ടയില്‍ കടന്ന് സിഖ് പതാക കെട്ടിയത്. ചെങ്കോട്ടയില്‍ പ്രതിഷേധക്കാര്‍ കാര്യമായ നാശനഷ്ടങ്ങളുമുണ്ടാക്കിയിരുന്നു.