ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിലെ കുറവുകള്‍ക്ക് പരിഹാരം കാണാമെന്നും കര്‍ഷകര്‍ പ്രക്ഷോഭത്തില്‍ നിന്ന് പിന്മാറണമെന്നും അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏതു പ്രതിഷേധത്തിലും കയറിപ്പറ്റുന്ന പ്രത്യേക വിഭാഗം സമരജീവികളെ എല്ലായിടത്തും കാണാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ എപ്പോഴും ഒരുക്കമാണ്. മുന്‍പും ഇക്കാര്യം പറഞ്ഞിരുന്നു. ഇപ്പോള്‍ ആ വാക്കുകള്‍ ആവര്‍ത്തിക്കുകയാണ്. പ്രതിഷേധക്കാരുടെ സന്ദേഹങ്ങള്‍ തീര്‍ത്തേ മതിയാവൂ. രാജ്യത്ത് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവിലയുണ്ടായിരുന്നു. ഇപ്പോഴും അതുണ്ട്. താങ്ങുവില തുടരുകയും ചെയ്യും- രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്കിടെ രാജ്യസഭയില്‍ പ്രധാനമന്ത്രി പറഞ്ഞു.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭങ്ങള്‍ മുന്‍കൂട്ടി തയാറാക്കിയ പദ്ധതി പ്രകാരമുള്ളതാണ്. ഒരു പ്രത്യേക വിഭാഗം സമര ജീവികള്‍ എല്ലായിടത്തുമുണ്ട്. ആര് പ്രക്ഷോഭം നടത്തിയാലും അവര്‍ അതില്‍ കയറിപ്പറ്റും. സമരമില്ലാതെ അക്കൂട്ടര്‍ക്ക് ജീവിക്കാനാവില്ല. ഇത്തരക്കാരില്‍ നിന്നും രാജ്യത്തെ രക്ഷിക്കേണ്ടതുണ്ട്.
ലോകം മുഴുവന്‍ ഇന്ത്യയില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ്. ലോക പുരോഗതിക്ക് സംഭാവനകള്‍ നല്‍കാന്‍ ഇന്ത്യക്ക് സാധിക്കും. ഇന്ത്യ എന്നും അവസരങ്ങളുടെ നാടാണ്. ഇനി മുന്നിലെത്തുന്ന ഒരവസരം പോലും രാജ്യം കൈവിട്ടുകളയില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.