‘കോവിഡാനന്തര കാലത്ത് ഒരുവര്‍ഷം മുമ്പ് കണ്ട സ്‌കൂളുകളിലേക്കായിരിക്കില്ല ഇനി വിദ്യാര്‍ഥികള്‍ ചെല്ലുന്നത്

തിരുവനന്തപുരം : ഒരു വര്‍ഷം മുമ്പ് കണ്ട സ്‌കൂളുകളിലേക്കായിരിക്കില്ല കാവിഡാനന്തേര കാലത്ത് ഇനി വിദ്യാര്‍ഥികള്‍ ചെല്ലുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന് സഹായിച്ചത് കിഫ്ബിയാണെന്നും നാടിനാകെ ഉപകാരപ്രദമായ ഒരു കാര്യത്തെ ഇകഴ്ത്തികാണിക്കാന്‍ ഏറ്റവും നല്ല ഏജന്‍സിയെ അപകീര്‍ത്തിപ്പെടുത്താന്‍ പാടുണ്ടോ എന്നും പിണറായി ചോദിച്ചു. കേരളത്തിലെ 111 പൊതുവിദ്യാലയങ്ങളുടെ നവീകരണ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

‘കോവിഡാനന്തര കാലത്തെ സ്‌കൂളുകളിലേക്ക് ചെല്ലുന്ന വിദ്യാര്‍ഥികള്‍ ഒരുവര്‍ഷം മുമ്പ് കണ്ട സ്‌കൂളുകളിലേക്കായിരിക്കില്ല ചെല്ലുന്നത്. പല ഇടങ്ങളിലും വലിയ മാറ്റം. വലിയ രീതിയിലുള്ള അക്കാദമിക സൗകര്യങ്ങളായിരിക്കും. ഇതിന് സഹായിച്ചത് കിഫ്ബിയാണ്. സാമ്പത്തിക സ്രോതസ്സാണത്. ഇന്ന് ഏത് കുഗ്രാമത്തിലെ കുട്ടിയും കിഫ്ബിയെ കുറിച്ചും പറയും. അനാവശ്യമായ വിവാദങ്ങള്‍ കിഫ്ബിക്കെതിരേ ഉയര്‍ത്തിയതുകൊണ്ടു കൂടിയാണത്’, മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ സഹായിച്ച ഏജന്‍സിയോട് ഇത്രമാത്രം കൃതഘ്‌നത നമുക്കുണ്ടാവാന്‍ പാടുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

‘നാടിനാകെ ഉപകാരപ്രദമായ ഒരു കാര്യത്തെ ഇകഴ്ത്തികാണിക്കാന്‍ ഏറ്റവും നല്ല ഏജന്‍സിയെ അപകീര്‍ത്തിപ്പെടുത്താന്‍ പാടുണ്ടോ. നാട് വികസിക്കണമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് കൊണ്ട് മാത്രം കാര്യങ്ങള്‍ ചെയ്യാനാവില്ല. ബജറ്റിന് പരിമിതിയുണ്ട്. ആ ഘട്ടത്തിലാണ് 50,000 കോടിയുടെ വികസനം കിഫ്ബിയിലൂടെ നടത്തുമെന്ന് പ്രഖ്യാപിച്ചത്. ഇപ്പോള്‍ 6000 കോടിരൂപയുടെ പദ്ധതികളാണ് ചെയ്യുന്നത്.

ഏത് രാഷ്ട്രീയക്കാരായും ശരി ഏത് മതക്കാരായും ജാതിക്കാരായാലും ഇതിലൊന്നിലും പെടാത്തവരായാലും ശരി അവര്‍ക്ക് വികസനത്തിന്റെ സ്വാദ് അനുഭവിക്കാന്‍ കഴിയണം. 6.80 ലക്ഷം കുട്ടികളാണ് ഈ സര്‍ക്കാരിന്റെ കാലയളവില്‍ പൊതുവിദ്യാലയങ്ങളിലേക്ക് വന്നത്’. പൊതുവിദ്യാലയ നവീകരണത്തിന്റെ യഥാര്‍ഥ ഗുണഭോക്താക്കള്‍ നാട്ടിലെ പാവപ്പെട്ടവരും സാധാരണക്കാരുമായ കുടുംബാംഗങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

ഏതെങ്കിലും കുഗ്രാമത്തില്‍ ഏറ്റവും പിന്നാക്കാവസ്ഥയിലെ സ്‌കൂളില്‍ പഠിക്കുന്ന കുട്ടി ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം നേടുന്ന അവസ്ഥയിലേക്കെത്തി. ഇതാണ് മാറ്റം. ഏതെങ്കിലും സമ്പന്നര്‍ക്ക് മികച്ച വിദ്യാലയങ്ങളില്‍ പോയി പഠിക്കാന്‍ സൗകര്യമുണ്ടാകുന്നതല്ല മാറ്റമെന്നത്. കുറച്ചു വര്‍ഷം കഴിഞ്ഞുള്ള ഭാവി കേരളത്തില്‍ വളര്‍ന്നു വരുന്ന പുതു തലമുറ വലിയ തോതില്‍ കഴിവു നേടിയവരായി മാറും. അവരുടെ വിദ്യാഭ്യാസത്തിലും കാഴ്ചചപ്പാടിലും മാറ്റം വരും. ഇത് ശരിയായ രീതിയില്‍ പൂര്‍ത്തികരിക്കാനായ ചാരിതാര്‍ഥ്യമാണ് സര്‍ക്കാരിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓഖി, മഹാപ്രളയം തുടര്‍ന്നുള്ള കാലവര്‍ഷക്കെടുതി ഓടുവില്‍ കോവിഡും മറികടന്നാണ് നാം നേട്ടമുണ്ടാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കോവിഡ് കാലത്തെ വിദ്യാഭ്യാസ മേഖലയില്‍ അന്ധാളിപ്പില്ലാതെ തീരമാനമെടുക്കാനും ഓണ്‍ലൈനില്‍ വിദ്യാഭ്യാസം നല്‍കാനും കേരളത്തിന് സാധിച്ചു. വേഗതയില്‍ നാം സൗകര്യമൊരുക്കി. നാടാകെ അണിനിരന്നു. ഒരു പ്രതിസന്ധി വന്നപ്പോള്‍ അതിനനുസൃതമായ നിലപാട് നാം സ്വീകരിച്ചു. കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് അഭിനന്ദനാര്‍ഹമായ രീതിയിലാണ് ഈ ഘട്ടത്തെ നേരിട്ടതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7