ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷന്റെ രണ്ടാം ഡോസ് വിതരണം ഫെബ്രുവരി 13ന് ആരംഭിക്കും. ലോകത്തു തന്നെ ഏറ്റവും വേഗം 40 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ രാജ്യമാണ് ഇന്ത്യ.
ഇന്ത്യയിലെ പകുതിയലധികം ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആദ്യ ഡോസ് നല്‍കുന്ന പ്രവര്‍ത്തനം ഇന്ന് പൂര്‍ത്തീകരിക്കാനാണ് ശ്രമം.
പൊലീസ്, മറ്റു സേനാംഗങ്ങള്‍ തുടങ്ങിയ കോവിഡ് പോരാളികള്‍ക്കും വാക്‌സിന്‍ നല്‍കിത്തുടങ്ങിയിരുന്നു. 50 വയസിനു മുകളിലുള്ളവര്‍ക്കുള്ള വാക്‌സിന്‍ വിതരണവും വൈകാതെ ആരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
പതിമൂന്ന് സംസ്ഥാനങ്ങളാണ് പകുതിയിലധികം ആരോഗ്യപ്രവര്‍ത്തകരെ വാക്‌സിനേഷന് വിധേയമാക്കിയത്. മധ്യപ്രദേശില്‍ ഏറ്റവുമധികം പേര്‍ കുത്തിവയ്‌പ്പെടുത്തു, 73.6%. എന്നാല്‍ മണിപ്പുര്‍, പുതുച്ചേരി, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ വാക്‌സിനേഷന്‍ കാര്യമായി പുരോഗതി കൈവരിച്ചിട്ടില്ല.
വാക്‌സിന്‍ സ്വീകരിച്ചവരില്‍ 8563 പേര്‍ക്ക് മാത്രമേ ഇതുവരെ പാര്‍ശ്വഫലം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളു എന്നത് ആശ്വാസകരമായ വാര്‍ത്തയാണ്. 34 പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. വാക്‌സിന്‍ എടുത്തവരില്‍ 19 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇതിന്റെ കാരണങ്ങള്‍ പഠിക്കാന്‍ വിവിധ തലങ്ങളില്‍ വിദഗ്ധ സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്.