പട്ന: കോവിഡ് വാക്സിനെ കുറിച്ച് രാജ്യത്തെ ജനങ്ങളുടെ മനസ്സിൽ ആത്മവിശ്വാസം സൃഷ്ടിക്കാൻ ആദ്യ ഡോസ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കണമെന്ന് ബിഹാറിൽനിന്നുള്ള കോൺഗ്രസ് എം.എൽ.എ. അജീത് ശർമ.
ജനങ്ങളുടെ ആത്മവിശ്വാസം നേടാൻ, കോവിഡ് വാക്സിന്റെ ആദ്യ ഡോസ് പരസ്യമായി സ്വീകരിച്ച റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനെയും അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡനെയും മോദി മാതൃകയാക്കണമെന്നും ശർമ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയെ കൂടാതെ മുതിർന്ന ബി.ജെ.പി. നേതാക്കളും വാക്സിന്റെ ആദ്യ ഡോസുകൾ സ്വീകരിക്കണമെന്നും ശർമ കൂട്ടിച്ചേർത്തു.
പുതുവർഷത്തിൽ രണ്ട് വാക്സിനുകൾ ലഭിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. എന്നാൽ ജനങ്ങൾക്കിടയിൽ ഇതേക്കുറിച്ച് സംശയമുണ്ട്. റഷ്യയുടെയും അമേരിക്കയുടെയും രാജ്യത്തലവന്മാർ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് ജനങ്ങളുടെ വിശ്വാസം നേടി. അതുപോലെ ജനങ്ങളുടെ സംശയങ്ങൾ മാറ്റാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റു മുതിർന്ന ബി.ജെ.പി. നേതാക്കളും കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് ആളുകളുടെ വിശ്വാസം നേടണമെന്നാണ് താൻ കരുതുന്നത്- ശർമ പറഞ്ഞു.
ബയോടെക്കും സെറം ഇൻസ്റ്റിറ്റ്യൂട്ടും നിർമിച്ച വാക്സിനുകളുടെ ക്രെഡിറ്റ് സ്വന്തമാക്കാൻ ബി.ജെ.പി. ശ്രമിക്കുന്നെന്നും ശർമ വിമർശിച്ചു. കോവിഡ് വാക്സിനുകൾ വികസിപ്പിച്ച സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഭാരത് ബയോടെക്കും കോൺഗ്രസിന്റെ കാലത്താണ് സ്ഥാപിതമായതെന്ന് ബി.ജെ.പി. നേതാക്കൾ മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.