ഇറ്റലിയിൽ കോവിഡ് വാക്സീൻ വിതരണം ഞായറാഴ്ച തുടങ്ങും; സൗജന്യം

റോം : ഞായറാഴ്ച (ഡിസംബർ 27) മുതൽ ഇറ്റലിയിൽ കോവിഡ് 19 പ്രതിരോധ വാക്സീൻ കുത്തിവയ്പ്പ് ആരംഭിക്കും. പകർച്ചവ്യാധികളെക്കുറിച്ചുള്ള പഠനവും ഗവേഷണവും നടത്തുന്ന, രാജ്യത്തെ പ്രത്യേക കേന്ദ്രമായ റോമിലെ സ്പല്ലൻസാനി ആശുപത്രിയിലെ രണ്ട് ഡോക്ടർമാർ, ഒരു വനിതാ നഴ്സ്, ഒരു ആരോഗ്യ സംരക്ഷണ സമൂഹ്യ പ്രവർത്തകൻ, ഒരു ഗവേഷകൻ എന്നിവരടങ്ങുന്ന അഞ്ച് സ്റ്റാഫ് അംഗങ്ങളാണ് രാജ്യത്ത് വാക്സീൻ സ്വീകരിക്കുന്ന ആദ്യ വ്യക്തികൾ.

വാക്സീൻ വിതരണത്തിനുള്ള അംഗീകാരം കഴിഞ്ഞ 21 ന് യൂറോപ്യൻ മെഡിസിൻസ് ഏജൻസി ഇറ്റലിക്ക് നൽകിയിരുന്നു. ഇറ്റലിയുടെ കൊറോണ വൈറസ് പ്രതിസന്ധിയെ നേരിടുന്നതിൽ പ്രധാന പങ്കുവഹിച്ച സ്പല്ലൻസാനി ആശുപത്രി, വാക്സീൻ വിതരണം ചെയ്യുന്നതിനുള്ള രാജ്യത്തിന്റെ മുഖ്യ കേന്ദ്രമായി പ്രവർത്തിക്കും. ഇറ്റാലിയൻ സൈന്യത്തിന്റെയും പൊലീസിന്റെയും നേതൃത്വത്തിലാവും വാക്സീൻ രാജ്യമെമ്പാടും എത്തിക്കുക.

തുടക്കത്തിൽ 300 വിതരണ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളതെങ്കിലും വാക്സീനേഷൻ വിതരണം പൂർത്തിയായിക്കഴിഞ്ഞാൽ 1500 കേന്ദ്രങ്ങളിലൂടെ വിതരണം നടത്തുമെന്ന് രാജ്യത്തെ കൊറോണ വൈറസ് എമർജൻസി കമ്മീഷണർ ഡൊമെനിക്കോ അർക്കുരി പറഞ്ഞു. സൗജന്യമായാണ് വാക്സീൻ വിതരണം നടത്തുന്നതെന്നും അദ്ദേഹം അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7