തടവുകാരെ ചോദ്യംചെയ്യാന്‍ എത്തുന്ന ഏജന്‍സികള്‍ വീഡിയോഗ്രാഫി സൗകര്യത്തോടെ എത്തണമെന്ന് ഉത്തരവിട്ട് ഋഷിരാജ് സിങ്ങ്

കണ്ണൂര്‍: തടവുകാരെ ചോദ്യംചെയ്യാന്‍ അനുമതി ലഭിക്കുന്ന ഏജന്‍സികള്‍ വീഡിയോഗ്രാഫി സൗകര്യത്തോടെ എത്തണമെന്ന് ഉത്തരവിട്ട് ജയില്‍ ഡി.ജി.പി. ഋഷിരാജ് സിങ്ങ്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണിത്.

ചോദ്യംചെയ്യാന്‍ വീഡിയോഗ്രാഫി സൗകര്യം കൊണ്ടുവരുന്നില്ലെങ്കില്‍ തടവുകാരെ കാണാന്‍ അനുവദിക്കില്ല. സി.ബി.ഐ., എന്‍.ഐ.എ., ഇ.ഡി., കസ്റ്റംസ്, നാര്‍ക്കോട്ടിക് ബ്യൂറോ, പോലീസ് തുടങ്ങി എല്ലാ അന്വേഷണ ഏജന്‍സികള്‍ക്കും ബാധകമാണിതെന്നും അദ്ദേഹം പറഞ്ഞു.

ജയിലുകളില്‍ മൊബൈല്‍ ഫോണുകള്‍ക്ക് സമ്പൂര്‍ണ നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജയില്‍ ഡി.ജി.പി.യായ താനടക്കം ഉദ്യോഗസ്ഥരെല്ലാവരും ജോലിക്കെത്തിയാല്‍ മൊബൈല്‍ ഫോണുകള്‍ സൂപ്രണ്ട് നിര്‍ദേശിക്കുന്ന സ്ഥലത്ത് സൂക്ഷിക്കണം. തിരിച്ചുപോകുമ്പോള്‍ മാത്രമേ എടുക്കാവൂ.
ജയിലുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്ന ഉദ്യോഗസ്ഥരുടെയോ മറ്റു സന്ദര്‍ശകരുടെയോ കൈയില്‍ മൊബൈല്‍ ഫോണുണ്ടെങ്കില്‍ അത് ഗേറ്റ് കീപ്പറെ ഏല്‍പ്പിക്കണം. ഇത് കര്‍ശനമായി പാലിക്കുന്നില്ലെങ്കില്‍ സൂപ്രണ്ടിന്റെ പേരില്‍ കര്‍ശന അച്ചടക്ക നടപടിയുണ്ടാവുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്

ഡിസംബര്‍ രണ്ടിനാണ് പ്രതികളെ ചോദ്യംചെയ്യുന്നത് പൂര്‍ണമായും വീഡിയോയില്‍ ചിത്രീകരിക്കണമെന്ന് സുപ്രീംകോടതി വിധിച്ചത്.
സ്വര്‍ണക്കടത്ത് കേസില്‍ ജയിലില്‍ കഴിയുന്ന സ്വപ്നയുടെ മൊഴികളും പരാതികളുമെന്നനിലയില്‍ നടക്കുന്ന പ്രചാരണങ്ങളുടെകൂടി സാഹചര്യത്തിലാണ് ഉത്തരവ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7