ന്യൂഡല്‍ഹി : ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് അന്തിമ ഫലം വൈകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടെണ്ണല്‍ മന്ദഗതിയില്‍ നടക്കുന്നതിനാലാണ് അന്തിമ ഫലം വൈകുന്നതെന്ന് കമ്മീഷന്‍ വ്യക്തമാക്കി. അതുകൊണ്ട് തന്നെ നിലവിലെ ലിഡ് അനുസരിച്ച് ആഹ്ലാദ പ്രകടനങ്ങള്‍ നടത്തരുതെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
രുകോടി വോട്ടുകള്‍ മാത്രമാണ് ഇതുവരെ എണ്ണാനായതെന്നും ബിഹാര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഒരുകോടി വോട്ടുകള്‍ എണ്ണാന്‍ അഞ്ചുമണിക്കൂറാണ് എടുത്തത്. ബാക്കി വോട്ടുകള്‍ കൂടി എണ്ണിത്തിട്ടപ്പെടുത്താന്‍ പുലര്‍ച്ചെവരെ കാത്തിരിക്കേണ്ടിവരുമെന്നാണ് നിഗമനം.
4.10കോടി പേരാണ് വോട്ട് രേഖപ്പെടുത്തുയത്. സാധാരണഗതിയില്‍ 25-26 റൗണ്ടുകള്‍ കൊണ്ട് എണ്ണിത്തീര്‍ക്കേണ്ട വോട്ട്, ഇത്തവണ 35 റൗണ്ട് എടുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ എച്ച് ആര്‍ ശ്രീനിവാസ് വ്യക്തമാക്കി. കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച് വോട്ടെണ്ണുന്നതിനാലാണ് ഇത്രയും സമയം എടുക്കുന്നത്. 72,723 പോളിങ് സ്റ്റേഷനുകളാണ് നേരത്തെയുണ്ടായിരുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ഇത് 1,06,515ആയി.
കോവിഡിന്റെ പശ്ചാത്തലത്തില്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും അകലം പാലിക്കേണ്ടതുള്ളതിനാല്‍ ടേബിളുകളുടെ എണ്ണം കുറവാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
നിലവില്‍ പുറത്തുവന്ന വിവരങ്ങള്‍ അനുസരിച്ച് എന്‍ഡിഎയാണ് മുന്നില്‍ നില്‍ക്കുന്നത്. 123 സീറ്റുകളില്‍ എന്‍ഡിഎ സഖ്യം ലീഡ് ചെയ്യുന്നുണ്ട്. മഹാസഖ്യം 11 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ആര്‍ജെഡിയും ബിജെപിയും ഒപ്പത്തിനൊപ്പമാണ്. 72 സീറ്റുകളില്‍ ഇരു പാര്‍ട്ടികളും ലീഡ് ചെയ്യുന്നു.
ജെഡിയു 45 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. കോണ്‍ഗ്രസ് 27 സീറ്റുകളിലും എല്‍ജെപി രണ്ട് സീറ്റുകളിലും ലീഡ് ചെയ്യുന്നു. ഗ്രാമീണമേഖലയില്‍ തങ്ങളുടെ ശക്തി കേന്ദ്രങ്ങളില്‍ നിന്ന് ഫലം വരാനിരിക്കുന്നതേയുള്ളൂവെന്നും അപ്പോള്‍ കാര്യങ്ങള്‍ മാറിമറിയുമെന്നും ആര്‍ജെഡി നേതാക്കള്‍ അറിയിച്ചു.