ബിനീഷ് കോടിയേരിയുടെ വീട്ടില്‍ 25 മണിക്കൂറിലേറെ നീണ്ട റെയ്ഡ് അവസാനിപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ മടങ്ങി. കുടുംബത്തെ തടവിലാക്കിയുള്ള പരിശോധനയെ തുടര്‍ന്ന് കടുത്ത പ്രതിഷേധം പുറത്ത് നടക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. ബിനീഷിന്റെ ഭാര്യ, രണ്ടര വയസുള്ള കുഞ്ഞ്, ഭാര്യാ മാതാവ് എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. ഉദ്യോഗസ്ഥര്‍ കൊണ്ടുവന്ന കാര്‍ഡ് കണ്ടെടുത്തുവെന്ന് സമ്മതിച്ച് ഒപ്പിടാന്‍ ഭീഷണിപ്പെടുത്തിയതായി ബിനീഷിന്റെ ഭാര്യ റെനീറ്റ പറഞ്ഞു
മൊബൈല്‍ ഫോണടക്കം പിടിച്ച് വാങ്ങി കുടുംബത്തെ അനധികൃതമായി തടവിലാക്കിയതിനെതിരെ റെനീറ്റയുടെ പിതാവ് പൂജപ്പുര പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് സ്ഥലത്ത് എത്തിയതോടെയാണ് ഇഡി ഉദ്യോഗസ്ഥര്‍ റെയ്ഡ് അവസാനിപ്പിച്ച് മടങ്ങാനിറങ്ങിയത്. ഗേറ്റിന് പുറത്തുവെന്ന് ഇഡി ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞ് പൊലീസ് വിവരങ്ങള്‍ ആരാഞ്ഞു. വിവരങ്ങള്‍ വിശദമായി തരാമെന്ന് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കി. ഇഡിക്ക് പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്.
കുഞ്ഞിനെ തടവിലാക്കിയെന്ന പരാതിയില്‍ ബാലാവകാശ കമീഷന്‍ അംഗങ്ങള്‍ സ്ഥലത്തെത്തിയെങ്കിലും അകത്തേക്ക് കടത്തിവിടാന്‍ ഇഡി തയ്യാറായില്ല. ഉദ്യോഗസ്ഥരുടെ നടപടി നിയമപരമല്ലെന്നും നടപടി സ്വീകരിക്കുമെന്നും കമീഷന്‍ ചെയര്‍മാന്‍ അറിയിച്ചു.