വാഷിങ്ടൻ: വോട്ടെണ്ണല്ലിൽ തട്ടിപ്പ് ആരോപിച്ച് സുപ്രീം കോടതിയിൽ പോകുമെന്ന ഭീഷണി തുടരുകയോ വോട്ടെണ്ണൽ നിർത്തിവയ്ക്കാൻ ശ്രമിക്കുകയോ ചെയ്താൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ നേരിടാൻ തന്റെ നിയമസംഘം തയാറാണെന്ന് ഡെമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡന്‍. ഫ്ലോറിഡയിലും പെൻസിൽവേനിയയിലും ജയിച്ചെങ്കിലും ഫലത്തിൽ ക്രമക്കേട് നടന്നെന്ന് ആരോപിച്ചാണ് ട്രംപ് സുപ്രീം കോടതിയെ സമീപിക്കുമെന്ന് അറിയിച്ചത്. ഇതിനു പിന്നാലെയാണ് ബൈഡന്റെ പ്രതികരണം.
‘ശരിയായ രീതിയിൽ നടക്കുന്ന വോട്ടെണ്ണൽ തടയാൻ കോടതിയിൽ പോകുമെന്ന ഭീഷണി പ്രസിഡന്റ് തുടർന്നാൽ, ആ ശ്രമത്തെ ചെറുക്കാൻ ഞങ്ങളുടെ നിയമസംഘം തയാറായി നിൽക്കുന്നു.’ – ബൈഡന്റെ പ്രചാരണ വിഭാഗം മാനേജർ ജെൻ ഒ മാലി ദിലൻ പ്രസ്താവനയിൽ പറഞ്ഞു. വിജയത്തിന്റെ പാതയിലാണെന്നും ഓരോ വോട്ടും എണ്ണിത്തീരുന്നതുവരെ തിരഞ്ഞെടുപ്പ് തീരുന്നില്ലെന്നും ജോ ബൈഡൻ നേരത്തെ പറഞ്ഞിരുന്നു.
തുടക്കത്തിൽ ബൈഡന് അനുകൂലമായിരുന്ന ഫലങ്ങൾ മാറിമറിയുന്ന കാഴ്ചയാണ് യുഎസിൽ. നിര്‍ണായകമായ സംസ്ഥാനങ്ങളായ ഫ്ലോറിഡയും ടെക്സസും നേടിയ ട്രംപിന് മുന്നേറ്റത്തിന് സാധ്യതയുണ്ട്. നോര്‍ത്ത് കാരലൈന, അരിസോന, മിഷിഗൻ, പെന്‍സില്‍വേനിയ, വിസ്കോൻസെൻ എന്നിവിടങ്ങളിലെ ഫലം നിര്‍ണായകമാകും. തപാല്‍ വോട്ടുകളടക്കം ഇനിയും വോട്ടെണ്ണല്‍ ബാക്കിയുള്ളതിനാല്‍ അന്തിമഫലം ഇനിയും വൈകും.