ലണ്ടൻ :പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ നായകനും ഇപ്പോൾ പാക്ക് പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാൻ, കളിക്കുന്ന കാലത്ത് ലഹരിക്ക് അടിമയായിരുന്നെന്ന വെളിപ്പെടുത്തലുമായി സഹതാരം സർഫ്രാസ് നവാസ് രംഗത്ത്. പാക്കിസ്ഥാനിലും ഇംഗ്ലണ്ടിലും ഇമ്രാൻ ലഹരി ഉപയോഗിക്കുന്നതു താൻ പലതവണ നേരിൽ കണ്ടിട്ടുണ്ടെന്ന്, ഇമ്രാനൊപ്പം 1970–80 കാലത്തു പാക്കിസ്ഥാൻ ടീമിന്റെ മുൻനിര ബോളറായിരുന്ന സർഫ്രാസ് ആരോപിച്ചു.
‘എന്റെ വീട്ടിലും ലണ്ടനിൽ കളിക്കുന്നതിനിടയിലും ഇമ്രാൻ ലഹരി ഉപയോഗിക്കുന്നത് ഞാൻ ഉൾപ്പെടെ പലരും നേരിൽ കണ്ടിട്ടുണ്ട്. 1987ൽ പാക്കിസ്ഥാൻ ഇംഗ്ലണ്ടിൽ കളിക്കുമ്പോൾ ഇമ്രാനു നന്നായി ബോൾ ചെയ്യാൻ കഴിഞ്ഞില്ല. പിന്നാലെ ലഹരി ഉപയോഗിച്ചു. ഒരിക്കൽ മൊഹ്സിൻ ഖാൻ, അബ്ദുൽ ഖാദിർ, സലിം മാലിക് തുടങ്ങിയ ടീമംഗങ്ങൾക്കൊപ്പം അദ്ദേഹം വീട്ടിൽ വന്നു. ഭക്ഷണത്തിനു ശേഷം ലഹരി ഉപയോഗിക്കുന്നതും ഞാൻ കണ്ടു’ – ഇപ്പോൾ ഇംഗ്ലണ്ടിലുള്ള സർഫ്രാസ് (71) ഒരു വിഡിയോ അഭിമുഖത്തിൽ പറഞ്ഞു.
‘ഇമ്രാൻ ഈ ആരോപണം നിഷേധിക്കുകയാണെങ്കിൽ അദ്ദേഹം വരട്ടെ. എന്റെ മുന്നിൽവച്ച് ആരോപണം നിഷേധിക്കാൻ അദ്ദേഹത്തിനു സാധിക്കുമോയെന്നു നോക്കാം – സർഫ്രാസ് പറഞ്ഞു. സജീവ ക്രിക്കറ്റിൽനിന്നു വിരമിച്ച ശേഷം രാഷ്ട്രീയത്തിൽ സജീവമായിരുന്നു സർഫ്രാസ്.