ഇന്ന് ജയിച്ചാല്‍ സണ്‍റൈസേഴ്‌സ് പ്ലേ ഓഫില്‍, അല്ലെങ്കില്‍ കൊല്‍ക്കത്ത കയറും

ഷാർജ: വിജയം മാത്രം ലക്ഷ്യം വെച്ച് സൺറൈസേഴ്സ് ഹൈദരാബാദ് ഇന്ന് മുംബൈ ഇന്ത്യൻസിനെ നേരിടും. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വൈകിട്ട് 7.30 നാണ് മത്സരം നടക്കുക.

ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ സൺറൈസേഴ്സ് പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്ന നാലാമത്തെ ടീമാകും. എന്നാൽ പരാജയപ്പെട്ടാൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് പ്ലേ ഓഫിൽ കയറാനുള്ള അവസരം ലഭിക്കും.

ജയിച്ചാൽ മാത്രം ഹൈദരാബാദ് മൂന്നാം സ്ഥാനക്കാരായ് പ്ലേ ഓഫിലെത്തും. ജയിക്കുന്നത് മുംബൈ ആണെങ്കിൽ നാലാം സ്ഥാനക്കാരായ് പ്ലേ ഓഫ് കളിക്കുന്നത് കൊൽക്കത്തയാവും. അവസാന മത്സരത്തിൽ നെറ്റ് റൺറേറ്റിനും പ്രസക്തിയില്ല. ജയിച്ചാൽ പ്ലേഓഫിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സുമായാണ് സൺറൈസേഴ്സ് മത്സരിക്കുക.

ക്യാപ്റ്റൻ വാർണർ, വൃദ്ധിമാൻ സാഹ, മനീഷ് പാണ്ഡെ, റാഷിദ് ഖാൻ, സന്ദീപ് ശർമ തുടങ്ങിയവരുടെ ഫോമിലാണ് സൺറൈസേഴ്സിന്റെ പ്രതീക്ഷ. മറുഭാഗത്ത് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ നേരത്തെ പ്ലേ ഓഫ് ഉറപ്പിച്ച മുംബൈയും തകർപ്പൻ ഫോമിലാണ്.

നിലവിൽ 13 കളികളിൽ നിന്നും 12 പോയന്റുകളാണ് സൺറൈസേഴ്സിനുള്ളത്. ബാക്കിയുള്ള ടീമുകളെല്ലാം 14 മത്സരങ്ങൾ പൂർത്തിയാക്കിയതോടെ ആദ്യഘട്ടത്തിലെ മത്സരങ്ങൾ ഇന്ന് പൂർത്തിയാകും.

ഇരുടീമുകളും ആദ്യം ഏറ്റുമുട്ടിയപ്പോൾ 34 റൺസിന് മുംബൈ ആണ് വിജയം സ്വന്തമാക്കിയത്. ഇരുടീമുകളും ഇതുവരെ 15 തവണ മത്സരിച്ചപ്പോൾ മുംബൈ എട്ടു മത്സരങ്ങളിലും സൺറൈസേഴ്സ് ഏഴുതവണയും വിജയം സ്വന്തമാക്കി.

നിലവിൽ മുംബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ എന്നീ ടീമുകളാണ് പ്ലേ ഓഫിന് യോഗ്യത നേടിയിരിക്കുന്നത്.

pathram desk 1:
Related Post
Leave a Comment